ഭ്രാന്തന്‍ ഗോസംരക്ഷകരുടെ കാല്‍ക്കീഴില്‍ ഇന്ത്യയെ അടിയറവെക്കുന്നത് എന്തു വിലകൊടുത്തും ചെറുക്കണം : വി എസ്

ശനി, 27 മെയ് 2017 (07:30 IST)
രാജ്യത്ത് കന്നുകാലികളുടെ വില്‍പനയും കൈമാറ്റവും നിയന്ത്രിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ വിജ്ഞാപനം ഭ്രാന്തൻ തീരുമാനം ആണെന്ന് വി എസ് അച്യുതാനന്ദന്. രാജ്യത്തി​​​െൻറ ഫെഡറല്‍ തത്ത്വങ്ങളോടുള്ള വെല്ലുവിളിയാണ് കേന്ദ്ര സർക്കാർ നടത്തിയതെന്ന് വി എസ് പറഞ്ഞു.  ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമായി മാറിയിരിക്കുകയാണ് ഇത്. 
 
അധികാരപ്രമത്തരായ ഭ്രാന്തന്‍ ഗോസംരക്ഷകരുടെ കാല്‍ക്കീഴില്‍ ഇന്ത്യയുടെ മതനിരപേക്ഷത അടിയറവെക്കുന്നത് എന്തു വിലകൊടുത്തും ചെറുക്കണം. ഇഷ്​ടപ്പെട്ട ഭക്ഷണം കഴിക്കാനുള്ള മൗലികാവകാശത്തെപ്പോലും ഹനിക്കും വിധം ഏകാധിപത്യപരമായ വിജ്ഞാപനങ്ങളിറക്കിക്കൊണ്ട് ഇന്ത്യയുടെ നാനാത്വത്തെയും വൈവിധ്യപൂര്‍ണതയെയും അപമാനിക്കുകയും അവഹേളിക്കുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്നും വി എസ് വ്യക്തമാക്കി.
 
കാലികളുടെ തുകലുകൊണ്ടുണ്ടാക്കിയ ചെരിപ്പുമിട്ട് ഗോസംരക്ഷണം പ്രസംഗിക്കുന്ന ഗോസ്വാമിമാരുടെ മാത്രം പ്രതിനിധിയല്ല ഇന്ത്യൻ പ്രധാനമന്ത്രി. അദ്ദേഹം ഒരു ഹിന്ദു രാഷ്​ട്രത്തിലെ രാജാവുമല്ല. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മനസ്സിലാക്കി ഈ തീരുമാനം പിൻവലിക്കാൻ മോഡി സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. 

വെബ്ദുനിയ വായിക്കുക