ഭൂമി കൈമാറാനുള്ള യൂണിവേഴ്സിറ്റി തീരുമാനം റദ്ദാക്കി
ബുധന്‍, 25 ഏപ്രില്‍ 2012 (11:18 IST)
PRO
PRO
കലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഭൂമി സ്വകാര്യ ട്രസ്റ്റുകള്‍ക്ക് കൈമാറാനുള്ള തീരുമാനം യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് ചൊവ്വാഴ്ച അടിയന്തര യോഗം ചേര്‍ന്ന് റദ്ദാക്കി. സ്വകാര്യ ട്രസ്റ്റുകള്‍ക്ക് ഭൂമികൈമാറാനുള്ള തീരുമാനം വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് തീരുമാനം റദ്ദാക്കിയത്.
ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ ഗ്രേസ് എജുക്കേഷണല്‍ അസോസിയേഷന് പത്ത് ഏക്കര്‍, മന്ത്രി മുനീറിന്റെ സഹോദരീ ഭര്‍ത്താവ് പി എ ഹംസ പ്രസിഡന്റായ കേരള ഒളിമ്പിക് അസോസിയേഷന്‍ കോഴിക്കോട് ഘടകത്തിന് 25 ഏക്കര്‍, മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ മകളുടെ ഭര്‍തൃപിതാവ് ഡോ കെ കുഞ്ഞാലി മാനേജിംഗ് ട്രസ്റ്റിയായ കേരള ബാഡ്മിന്റണ്‍ ഡെവലപ്മെന്റ് ട്രസ്റ്റിന് മൂന്ന് ഏക്കര്‍ എന്നിങ്ങനെ ഭൂമി കൈമാറാനായിരുന്നു സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചിരുന്നത്.
മാര്‍ച്ച് 27ന് ചേര്‍ന്ന സിന്‍ഡിക്കേറ്റാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സെന്റിന് 12 ലക്ഷം വരെ മാര്‍ക്കറ്റ് വിലയുള്ള ഭൂമിയാണിത്. കൈമാറാന്‍ തീരുമാനിച്ച ഭൂമിക്ക് 396 കോടി രൂപ മൂല്യം വരും. സിന്‍ഡിക്കേറ്റില്‍ ഭൂരിപക്ഷം മുസ്ലീം ലീഗിനാണ്.