മുഖ്യമന്ത്രിയായിരിക്കുന്ന സമയത്ത് ബന്ധുവിന് അനധികൃതമായി സര്‍ക്കാര്‍ വകഭൂമി പതിച്ച് നല്‍കി എന്ന ആരോപണത്തില്‍ വിജിലന്‍സ് സംഘം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ മൊഴിയെടുത്തു. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ എത്തിയാണ് വിജിലന്‍സ് ഡി വൈ എസ് പി വി ജി കുഞ്ഞന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മൊഴിയെടുത്തത്.
തന്റെ ബന്ധുവായ വി കെ സോമന്‍ കാസര്‍കോട് ഭൂമി നല്‍കിയത് യു ഡി എഫ് സര്‍ക്കാരാണെന്ന് വി എസ് അന്വേഷണ സംഘത്തിന് മൊഴി നല്‍കി. 1977ലെ യു ഡി എഫ് ഭരണകാലത്താണ് സോമന് ഭൂമി ലഭിച്ചതെന്നും വി എസ് പറഞ്ഞു. ഭൂമി നല്‍കുന്നതില്‍ താന്‍ ഇടപെട്ടെന്ന് വരുത്തി തീര്‍ത്ത് വിവാദം ഉണ്ടാക്കാനാണ് ഇപ്പോഴത്തെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
വി എസിന്റെ പി എ സുരേഷ് അടക്കമുള്ളവരെ നേരത്തെ വിജിലന്‍സ് സംഘം ചോദ്യം ചെയ്തിരുന്നു. ശനിയാഴ്ച രാവിലെ 9.15 ഓടെയാണ് കന്റോണ്‍മെന്റ് ഹൗസില്‍ വിജിലന്‍സ് സംഘം എത്തിയത്. ഒരു മണിക്കൂറിലേറെ സമയം സംഘം വി എസിന്റെ വസതിയില്‍ ചെലവഴിച്ചു.
മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കാന്‍ ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തിലാണ് ഉദ്യോഗസ്ഥരെത്തിയത്. വാഹനം ഉള്ളില്‍കടന്ന ശേഷമാണ് മാധ്യമ പ്രവര്‍ത്തകര്‍ ഈ വിവരം അറിയുന്നത്.