ഭാര്യയുടെ ദുരൂഹമരണം: ഉപവാസസമരം നടത്തിയ ഭര്‍ത്താവിനെ അറസ്റ്റു ചെയ്തു

വ്യാഴം, 4 ഏപ്രില്‍ 2013 (14:06 IST)
PRO
PRO
ഭാര്യയുടെ ആത്മഹത്യയ്ക്ക്‌ പ്രേരണയായവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎസ്പി ഓഫീസിനു മുന്നില്‍ ഉപവാസം നടത്തിയ ഭര്‍ത്താവടക്കമുള്ള കുടുംബാംഗങ്ങളെ പൊലീസ്‌ അറസ്റ്റു ചെയ്തു. കമുകുംചേരി പണ്ടാരഴികത്ത്‌ വീട്ടില്‍ സത്യാനന്ദന്‍(40), മകന്‍ ശ്യാം സത്യന്‍(8), ഭാര്യാപിതാവ്‌ രാമസ്വാമി(60), ഭാര്യാ മാതാവ്‌ ലീല(55) എന്നിവരെയാണ്‌ പോലീസ്‌ അറസ്റ്റു ചെയ്തത്‌.

സത്യാനന്ദന്റെ ഭാര്യ മായ 2012 സെപ്തംബര്‍ 19ന്‌ ഭര്‍തൃവീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ചായിരുന്നു ഇന്നലെ രാവിലെ 11.30ഓടെ കുടുംബാംഗങ്ങള്‍ ഡിവൈഎസ്പി ഓഫീസിലേക്ക്‌ വായ്മൂടിക്കെട്ടി പ്ലക്കാര്‍ഡുകളുമായി എത്തിയത്‌. എന്നാല്‍ ഓഫീസിനു മുന്നില്‍ പോലീസ്‌ ഇവരെ തടയുകയായിരുന്നു. പോലീസ്‌ ഉദ്യോഗസ്ഥരുടെ ജോലിയില്‍ തടസം സൃഷ്ടിച്ചെന്നാരോപിച്ച്‌ ഇവരെ അറസ്റ്റു ചെയ്യുകയും ചെയ്തു. പിന്നീട്‌ ജാമ്യത്തില്‍ വിട്ടയച്ചു.

ഏഴുമാസം മുമ്പാണ്‌ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ചത്‌. എന്നാല്‍ ഇതുസംബന്ധിച്ച്‌ ലോക്കല്‍ പോലീസ്‌ യാതൊരന്വേഷണവും നടത്തിയില്ല. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ സത്യാനന്ദന്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഈ സാഹചര്യത്തിലാണ്‌ കുടുംബാംഗങ്ങള്‍ ഡിവൈഎസ്പി ഓഫീസിലേക്ക്‌ ഉപവാസത്തിനെത്തിയത്‌. എന്നാല്‍ പ്രതികളെ അറസ്റ്റു ചെയ്യുന്നതുപോലെ തങ്ങളെ അറസ്റ്റു ചെയ്യുകയാണ്‌ പോലീസ്‌ ചെയ്തതെന്ന്‌ കുടുംബാംഗങ്ങള്‍ പറയുന്നു. തന്റെ സഹോദരനും മാതാവുമാണ്‌ ഭാര്യയുടെ മരണത്തിനു പിന്നിലെന്നാണ്‌ സത്യാനന്ദന്റെ ആരോപണം.

വെബ്ദുനിയ വായിക്കുക