ബേപ്പൂര്‍-ചാലിയം ജങ്കാര്‍ സര്‍വ്വീസിന് തുടക്കമായി

മലബാറിലെ തീരദേശ വികസനത്തിന് ആക്കം കൂട്ടുന്ന ജങ്കാര്‍ സര്‍വ്വീസിന് ചാലിയത്ത് തുടക്കമായി. വ്യവസായ മന്ത്രി എളമരം കരീം സര്‍വ്വീസ് ഉദ്ഘാടനം ചെയ്തു.

ബേപ്പൂര്‍-ചാലിയം കടവുകളെ ബന്ധിപ്പിക്കുന്നതാണ് ജങ്കാര്‍ സര്‍വ്വീസ്. നിലവില്‍ കോഴിക്കോട്ട് നിന്നും ചാലിയത്തേയ്ക്ക് പത്ത് കിലോമീറ്റര്‍ അധികം യാത്ര ചെയ്യണം. ജങ്കാര്‍ സര്‍വ്വീസ് തുടങ്ങിയതോടെ ഈ ദൂരം കുറഞ്ഞു. തീരദേശ പാത വഴി എറണാകുളത്തേയ്ക്ക് എളുപ്പം എത്താനാകും.

മത്സ്യത്തൊഴിലാളികള്‍ക്കും ഈ സര്‍വ്വീസ് ഗുണകരമായി. 150 ടണ്‍ ഭാരം താങ്ങാന്‍ കഴിവുള്ളതാണ് ജങ്കാര്‍. പതിനഞ്ചിലേറെ നാല് ചക്ര വാഹനങ്ങള്‍ കയറ്റാനാവും. യാത്രക്കാര്‍ക്ക് രണ്ട് രൂപയും കാറിനും ഓട്ടോയ്ക്കും 25 രൂപയുമാണ് നിരക്ക്. 40 രൂപയാണ് മിനിബസ്, ലോറി എന്നിവയ്ക്ക്.

കടലുണ്ടി ഗ്രാമപഞ്ചായത്താണ് ഈ സര്‍വ്വീസിന്‍റെ ചുമതലക്കാര്‍. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് ജങ്കാര്‍ സര്‍വ്വീസ് നേരിട്ട് നടത്തുന്നത്.

വെബ്ദുനിയ വായിക്കുക