ബാര്‍ ലൈസന്‍സ് കേസില്‍ സുപ്രീംകോടതി വിധി 29ന്

Webdunia
ശനി, 26 ഡിസം‌ബര്‍ 2015 (18:49 IST)
ബാര്‍ ലൈസന്‍സ് കേസില്‍ സുപ്രീംകോടതി ചൊവ്വാഴ്ച വിധി പറയും. ജസ്റ്റിസ് ബിക്രംജിത് സെന്നാണ് വിധി പറയുന്നത്. ജസ്റ്റിസ് ബിക്രംജിത് സെന്‍ ഈ മാസം 30ന് വിരമിക്കും എന്നതുകൊണ്ടാണ് പ്രത്യേക സിറ്റിംഗ് നടത്തി 29ന് തന്നെ വിധി പറയാനൊരുങ്ങുന്നത്.
 
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ചോദ്യം ചെയ്ത് ബാറുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ചൊവ്വാഴ്ച വിധി പറയുന്നത്. മദ്യനയത്തിലെ, പഞ്ചനനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്‍കിയാല്‍ മതി എന്നത് ചോദ്യം ചെയ്താണ് ബാറുടമകള്‍ ഹര്‍ജി നല്‍കിയത്.
 
സംസ്ഥാനസര്‍ക്കാരിന് വേണ്ടി കപില്‍ സിബല്‍, വി ഗിരി, എംആര്‍ രമേശ് ബാബു തുടങ്ങിയ അഭിഭാഷകരാണ് ഹാജരായത്. ബാറുടമകള്‍ക്ക് വേണ്ടി ഹരീഷ് സാല്‍വെ, മുകുള്‍ റോത്തഗി, രാജീവ് ധവാന്‍, എല്‍ നാഗേശ്വര റാവു, ഹരേന്‍ പി റാവല്‍ തുടങ്ങിയവര്‍ ഹാജരായി.
 
ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും സര്‍ക്കാരിന്റെ മദ്യനയം ശരിവച്ച സാഹചര്യത്തിലാണ് ബാറുടമകള്‍ സുപ്രീം‌കോടതിയെ സമീപിച്ചത്.