ബലാത്സംഗത്തിനിരയായി, യുവതി തൂങ്ങി മരിച്ചു

Webdunia
വ്യാഴം, 27 ജനുവരി 2011 (16:06 IST)
ബലാത്സംഗത്തിനിരയായ യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ചു. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല നഗരസഭ മുപ്പത്തിരണ്ടാം വാര്‍ഡില്‍ കമ്പിയകത്ത് രാജുവിന്‍റെ മകള്‍ രജനിയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച പുലര്‍ച്ചെയാണ് 22കാരിയായ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇതേ യുവതിയെ കഴിഞ്ഞവര്‍ഷം നവംബറില്‍ പട്ടണക്കാടുവെച്ച്‌ കാറിനുള്ളില്‍ നിന്ന്‌ ഒരു യുവാവിനൊപ്പം നാട്ടുകാരും പൊലീസും പിടികൂടിയിരുന്നു. എന്നാല്‍, പിന്നീട്‌ കുറ്റിക്കാട് സ്വദേശിയായ യുവാവിനെതിരെ യുവതി ബലാത്സംഗത്തിന്‌ കേസ്‌ കൊടുത്തിരുന്നു. ഇതിനിടയില്‍ തന്നെ കേസില്‍ നിന്നും ഇയാളെ രക്ഷിക്കാന്‍ ചില ഉന്നത രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായിരുന്നു. പിന്നീട്‌ കോടതിയില്‍ നിന്ന്‌ ഇയാള്‍ ജാമ്യമെടുക്കുകയായിരുന്നു.

എന്നാല്‍ സംഭവം നടന്ന് മൂന്നുമാസങ്ങള്‍ കഴിഞ്ഞതിനു ശേഷവും യുവതി ആത്മഹത്യ ചെയ്തതിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. യുവതിയുടെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പൊലീസ്‌ സര്‍ജന്‍റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം വീട്ടുകാര്‍ക്ക്‌ വിട്ടുകൊടുത്തു.

അതേസമയം, ആന്തരാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി ഫോറന്‍സിക്‌ ലാബിലേക്ക്‌ അയച്ചതായി ചേര്‍ത്തല എസ്‌ഐ അറിയിച്ചു. യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല.