ബലാത്സംഗം ചെയ്തു വധ ശ്രമം: പ്രതിക്ക് 17 കൊല്ലം കഠിനത്തടവ്

ഞായര്‍, 18 ഓഗസ്റ്റ് 2013 (17:11 IST)
PRO
പതിനേഴുകാരിയെ ബലാല്‍സംഗം ചെയ്ത ശേഷം വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് രണ്ട് കുറ്റങ്ങളിലുമായി കോടതി 17 വര്‍ഷം കഠിനത്തടവ് ശിക്ഷ വിധിച്ചു. 2004 ജൂലൈ 28 രാവിലെയാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്.

കക്കാട് കാരശേരി സ്വദേശിനിയായ പെണ്‍കുട്ടി ഇരുവഞ്ഞിപ്പുഴയില്‍ പുഴയില്‍ കുളിച്ചുകൊണ്ടു നില്‍ക്കെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്യുകയും പിന്നീട് കത്തി കൊണ്ട് വയറ്റില്‍ മാരകമായി കുത്തിപരിക്കേല്‍പ്പിച്ച് വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത ചേന്ദമംഗലൂര്‍ ഇരുമ്പിച്ചിത്തൊടി സുബിരാജിനാണ്‌ കഠിനത്തടവും പിഴയും വിധിച്ചത്.

കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി വി.ഭാസ്കറാണു ശിക്ഷ വിധിച്ചത്. ബലാല്‍സംഗം ചെയ്തതിനു 10 വര്‍ഷം കഠിനത്തടവും 20,000 രൂപ പിഴയും വിധിച്ചപ്പോള്‍ വധശ്രമത്തിന്‌ 7 വര്‍ഷം കഠിനത്തടവും 15000 രൂപ പിഴയും വിധിച്ചു.

പിഴ തുകയില്‍ നിന്ന് 30,000 രൂപ പരാതിക്കാരിക്ക് നല്‍കാനും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ആദ്യത്തെ കേസില്‍ 2 വര്‍ഷവും രണ്ടാമത്തെ കേസി ഒരു വര്‍ഷവും കൂടി ശിക്ഷ അടയ്ക്കേണ്ടിവരും.

മുക്കം പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ നടന്ന ഈ സംഭവം വളരെ ഒച്ചപ്പാടുണ്ടാക്കിയ സംഭവമായിരുന്നു.

വെബ്ദുനിയ വായിക്കുക