ബജറ്റ് അവതരിപ്പിക്കാന്‍ താന്‍ ക്ഷണിച്ചു; മൈക്കില്ലാത്തതിനാല്‍ ആംഗ്യവും കാണിച്ചു

വെള്ളി, 13 മാര്‍ച്ച് 2015 (11:24 IST)
സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രി കെ എം മാണിയെ താന്‍ സ്പീക്കറുടെ ചേംബറില്‍ നിന്നാണ് ക്ഷണിച്ചതെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍. നിയമസഭയുടെ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് നിയമസഭയില്‍ നടന്ന കാര്യങ്ങള്‍ നിര്‍ഭാഗ്യകരവും വളരെ മോശാവുമായി പോയെന്നും സ്പീക്കര്‍ പറഞ്ഞു. ബജറ്റിന് സാധുതയില്ലെന്ന പ്രതിപക്ഷത്തിന്റെ വാദം തെറ്റാണെന്നും സ്പീക്കര്‍ പറഞ്ഞു.
 
കേരള നിയമസഭയില്‍ ഇതുവരെ നടന്നിട്ടില്ലാത്ത സംഭവങ്ങളാണ് ഇന്ന് നടന്നത്. ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കുക എന്നുള്ളത് ഭരണഘടനാപരമായ ബാധ്യതയാണ്. അത് സ്പീക്കറുടെ അവകാശമാണെന്നും സ്പീക്കര്‍ പറഞ്ഞു.
 
കഴിഞ്ഞദിവസം പ്രതിപക്ഷം നിയമസഭയില്‍ നിന്ന് പോയിട്ടില്ല. ഇന്ന് രാവിലെ എട്ടര മണിക്ക് പ്രതിപക്ഷ കക്ഷിനേതാക്കളെ താന്‍ വിളിച്ച് ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കുന്നത് സ്പീക്കറുടെ ഉത്തരവാണ്. അത് തടയരുതെന്നും തനിക്ക് വാച്ച് ആന്‍ഡ് വാര്‍ഡിനെ വിളിക്കാന്‍ ഉദ്ദേശമില്ലെന്നും അറിയിച്ചു. എന്നാല്‍, ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞതാണെന്നും ഏതെല്ലാം രീതിയില്‍ തടയാന്‍ പറ്റുമോ അതിന് ശ്രമിക്കുമെന്നും പ്രതിപക്ഷം അറിയിച്ചതായും സ്പീക്കര്‍ പറഞ്ഞു.
 
അതിനു ശേഷമാണ് വാച്ച് ആന്‍ഡ് വാര്‍ഡിന് നിര്‍ദ്ദേശം നല്കിയത്. നിയമസഭയില്‍ 08.55ന് ആദ്യബെല്‍ കൊടുത്തു. എന്നാല്‍, സ്പീക്കറുടെ ഡയസില്‍ പ്രതിപക്ഷ എം എല്‍ എമാര്‍ കയറിയിരുന്നതിനാല്‍ സ്പീക്കര്‍ക്ക് അവിടെ കയറാന്‍ സാധിച്ചില്ല. സ്പീക്കറുടെ കസേര ഡയസില്‍ നിന്ന് അവര്‍ മാറ്റി, മൈക്ക് അവര്‍ തകര്‍ത്തും, കമ്പ്യൂട്ടറും തകര്‍ത്തു, ഉപകരണങ്ങള്‍ മുഴുവന്‍ തകര്‍ത്തു - സ്പീക്കര്‍ പറഞ്ഞു.
 
സ്പീക്കര്‍ വരുന്നു എന്ന് ചീഫ് മാര്‍ഷല്‍ പ്രഖ്യാപിച്ച ഉടനെ സ്പീക്കര്‍ ഡയസിലേക്ക് എത്തുന്ന വാതിലിന് അടുത്തായി താന്‍ എത്തി. എന്നാല്‍, പ്രതിപക്ഷം താന്‍ അകത്തു കടക്കുന്നത് തടയാന്‍ ശ്രമിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡിന്റെ സഹായത്തോടെ ഡയസിന്റെ മുന്നിലെത്തി കസേരയിലിരുന്നു. തന്റെ കസേര പ്രതിപക്ഷം തകര്‍ത്തതിനാല്‍ വാച്ച് ആന്‍ഡ് വാര്‍ഡ് കൊണ്ടുവന്ന പ്രത്യേക കസേരയിലാണ് താന്‍ ഇരുന്നത്.
 
തന്റെ കസേരയ്ക്ക് മുമ്പില്‍ ഉണ്ടായിരുന്ന മേശയില്‍ പ്രതിപക്ഷ എം എല്‍ എമാര്‍ കയറിയിരുന്നു. അതിനാല്‍, കസേരയിലിരുന്നാല്‍  സഭയിലുള്ളവരെ കാണാന്‍ തനിക്ക് കഴിയില്ല. അതിനാല്‍, ഒമ്പതായപ്പോള്‍ തന്നെ എഴുന്നേറ്റു നിന്നുകൊണ്ട് ബജറ്റ് അവതരിപ്പിക്കാന്‍ ക്ഷണിച്ചു. വിളിച്ചാല്‍ കേള്‍ക്കാത്തതിനാല്‍ താന്‍ എഴുന്നേറ്റ് നിന്ന് ബജറ്റ് അവതരിപ്പിക്കാന്‍ ക്ഷണിച്ചെന്നും സ്പീക്കര്‍ പറഞ്ഞു.
 
ബജറ്റ് ധനമന്ത്രി അവതരിപ്പിച്ചു തീരുന്നതു വരെ സ്പീക്കര്‍ കസേരയില്‍ ഇരുന്നു. ധനമന്ത്രി ബജറ്റ് അവതരിപ്പിച്ച് പ്രസംഗിച്ചതിനു 
ശേഷം ബജറ്റിന്റെ കോപ്പിയും മറ്റ് ഡോക്യുമെന്റുകളും എം എല്‍ എമാരുടെ മുറികളില്‍ എത്തിക്കുന്നതാണ് എന്ന് പറയുകയും നിയമസഭ ഇപ്പോള്‍ പിരിയുകയാണെന്നും തിങ്കളാഴ്ച രാവിലെ 08.30ന് അതിന് ചേരുമെന്ന് പറഞ്ഞാണ് താന്‍ തന്റെ മുറിയിലേക്ക് പോയതെന്നും സ്പീക്കര്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക