ബജറ്റ് അവതരണം: വെടിവെപ്പ് വരെ ഉണ്ടായേക്കാമെന്ന് റിപ്പോര്‍ട്ട്

വ്യാഴം, 12 മാര്‍ച്ച് 2015 (16:34 IST)
ധനമന്ത്രി കെ എം മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് പ്രതിപക്ഷം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടസ്സപ്പെടുത്താന്‍ പ്രതിപക്ഷം തീരുമാനിച്ച സാഹചര്യത്തില്‍ അക്രമം പൊട്ടിപ്പുറപ്പെടാമെന്നും വെടിവെയ്പ് വരെ ഉണ്ടായേക്കാമെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്കി.
 
ബജറ്റ് അവതരിപ്പിക്കാന്‍ മാണിയെ അനുവദിക്കില്ലെന്ന് യുവമോര്‍ച്ചയും വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭയ്ക്ക് ഉള്ളില്‍ പ്രതിഷേധിക്കാന്‍ യുവമോര്‍ച്ചയ്ക്ക് അവസരമില്ല. ഈ സാഹചര്യത്തില്‍ നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധസമരം ശക്തമാക്കാനാണ് യുവമോര്‍ച്ചയുടെ തീരുമാനം. അതുകൊണ്ടു തന്നെ രാഷ്‌ട്രീയലാഭം ലക്‌ഷ്യമിട്ട് അമിതാവേശം സൃഷ്‌ടിച്ച് പ്രകോപനം ഉണ്ടാക്കുമെന്നും സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി.
 
മാണിക്കെതിരെയുള്ള സമരത്തില്‍ കാല്‍ ലക്ഷത്തോളം പേര്‍ അണിനിരക്കുമെന്നാണ് കരുതുന്നത്. ഇവരെ നിയന്ത്രിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പൊലീസിനു ഇതിനകം നല്കിക്കഴിഞ്ഞു. ഇടതുമുന്നണിയെ പ്രതിനിധീകരിച്ച് എത്തുന്നവരും യുവമോര്‍ച്ചയെ പ്രതിനിധീകരിച്ച് സമരത്തിനെത്തുന്നവരും തമ്മില്‍ സംഘര്‍ഷം ഉണ്ടാകുവാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
 
സംഘര്‍ഷസാധ്യത മുന്‍നിര്‍ത്തി നാളെ തലസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വെബ്ദുനിയ വായിക്കുക