പ്ലീനം: വി‌എസിന് കഠിന വിമര്‍ശനം

തിങ്കള്‍, 26 ജനുവരി 2009 (15:08 IST)
ലാവ്‌ലിന്‍ കേസിനെ കോടതിക്കകത്തും പുറത്തും നേരിടാന്‍ സി‌പി‌എം തയ്യാറെടുത്തുകൊണ്ടിരിക്കുമ്പോള്‍ വി‌എസ് സ്വീകരിച്ചിരിക്കുന്ന അര്‍ത്ഥഗര്‍ഭമായ മൌനത്തിനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ പ്ലീനത്തില്‍ ഔദ്യോഗിക പക്ഷ പ്രതിനിധികളുടെ കഠിന വിമര്‍ശനം. പാര്‍ട്ടി പ്രതിസന്ധി നേരിടുമ്പോഴൊക്കെ മൌനം പാലിച്ചുകൊണ്ട് കഥമെനയാന്‍ മാധ്യമങ്ങളെ സഹായിക്കുകയാണ് വി‌എസ് ചെയ്യുന്നതെന്നാണ് ഔദ്യോഗിക പക്ഷ പ്രതിനിധികളുടെ വിമര്‍ശനം.

ചര്‍ച്ചയില്‍ 15 ഏരിയാ കമ്മിറ്റികളില്‍ നിന്നും ഓരോ പ്രതിനിധികള്‍ വീതമാണ് പങ്കെടുത്തത്. ഇതില്‍ ഏഴുപേരാണ് വി‌എസിന് എതിരെയുള്ള കടന്നാക്രമണം നറ്റത്തിയത്. ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി, കേന്ദ്ര നേതാക്കള്‍, പൊളിറ്റ്‌ ബ്യൂറോ എന്നിവിടങ്ങളില്‍ നിന്നെല്ലാം പ്രതികരണമുണ്ടായി. എന്നാല്‍ മുഖ്യമന്ത്രി മാത്രം ഒന്നും മിണ്ടുന്നില്ല. അവസരം മുതലെടുക്കാനാണ്‌ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നാണ് വിമര്‍ശകര്‍ അഭിപ്രായപ്പെത്.

മുഖ്യമന്ത്രിക്കെതിരെ വിമര്‍ശകര്‍ കത്തിക്കയറിയപ്പോള്‍ ചര്‍ച്ചയ്ക്ക് തടയിട്ടത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പിണറായി വിജയനായിരുന്നു. എല്ലാവരും ഒരുമിച്ചു പ്രതികരിക്കണമെന്നില്ലെന്നും അവസരം വരുമ്പോള്‍ മുഖ്യമന്ത്രി പ്രതികരിക്കുമെന്നും പറഞ്ഞുകൊണ്ടാണ് പിണറായി ചര്‍ച്ചയ്ക്ക് വിരാമമിട്ടത്.

മുന്‍‌കൂട്ടി തീരുമാനിച്ചതിന്‍ പ്രകാരം, എട്ടു പിണറായിപക്ഷ ജില്ലാ കമ്മിറ്റി അംഗങ്ങളെ ഒഴിവാക്കി. പകരം ജില്ലാ സമ്മേളനത്തില്‍ മല്‍സരിച്ചു തോറ്റ എട്ടു വി.എസ്‌. പക്ഷക്കാര്‍ മടങ്ങിവന്നു. ഒരു ഒഴിവു പിന്നീടു നികത്തും. കടകംപള്ളി സുരേന്ദ്രനെ വീണ്ടു സെക്രട്ടറിയായി തെരഞ്ഞെടുത്തു.

വെബ്ദുനിയ വായിക്കുക