പ്രശസ്ത ഛായാഗ്രാഹകന്‍ എ വിന്‍സെന്റ് അന്തരിച്ചു

ബുധന്‍, 25 ഫെബ്രുവരി 2015 (12:07 IST)
പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ എ വിന്‍സെന്റ് അന്തരിച്ചു. ചെന്നൈയിലെ ചെട്‌പെടിലെ വീടിനടുത്തുള്ള ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.
ന്യൂമോണിയ ബാധിച്ച് ആരോഗ്യം വഷളായിരുന്നു. 86 വയസ്സായിരുന്നു.
 
കഴിഞ്ഞ രണ്ടാഴ്ച മുമ്പു പനി ബാധിച്ചിരുന്നു. പിന്നീട് അത് ന്യൂമോണിയയിലേക്ക് മാറുകയും ആരോഗ്യനില വഷളാകുകയുമായിരുന്നു. തുടര്‍ന്ന് ദിവസങ്ങള്‍ക്കു മുമ്പ് ഐ സി യുവിലേക്ക് മാറ്റിയിരുന്നു. രാവിലെ പത്തരയോടെയായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച കോടമ്പാക്കത്തെ ഫാത്തിമ ചര്‍ച്ചില്‍ വൈകുന്നേരം നാലു മണിക്ക് നടക്കും.
 
തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്. ഭാര്‍ഗ്ഗവീനിലയമാണ് ആദ്യം സംവിധാനം ചെയ്ത ചിത്രം. നീലക്കുയിലിന്റെ ക്യാമറ കൈകാര്യം ചെയ്തത് വിന്‍സെന്റ് ആയിരുന്നു. മുറപ്പെണ്ണ്, അസുരവിത്ത്, തുലാഭാരം, അശ്വമേധം, നഗരമേ നന്ദി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്.
(ചിത്രത്തിനു കടപ്പാട്: അമൃത ടിവി)

വെബ്ദുനിയ വായിക്കുക