പ്രധാന അധ്യാപകന്റെ ആത്മഹത്യ; ഒന്നാംപ്രതിയായ അധ്യാപകന്‍ അറസ്റ്റില്‍

ചൊവ്വ, 17 ഫെബ്രുവരി 2015 (11:08 IST)
തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ശശിധരന്‍ ആത്മഹത്യ ചെയ്ത കേസില്‍ ഒന്നാം പ്രതിയായ അധ്യാപകനെ അറസ്റ്റു ചെയ്തു. ഇതേ സ്കൂളിലെ മറ്റൊരു അധ്യാപകനായ ഷാജിമാസ്റ്റര്‍ ആണ് അറസ്റ്റിലായത്.
കേസിലെ രണ്ടാംപ്രതിയായ ജെയിംസ് മാത്യു എം എല്‍ എയ്ക്ക് ഹാജരാകാന്‍ ഇന്നു തന്നെ പൊലീസ് നോട്ടീസ് നല്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
അതേസമയം, ശശിധന്‍ ആത്മഹത്യ ചെയ്ത കേസില്‍ തളിപ്പറമ്പ് എം എല്‍ എ ജെയിംസ് മാത്യു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. 
 
എഫ് ഐ ആറില്‍ എം എല്‍ എയ്ക്ക് കേസില്‍ പങ്കാളിത്തമുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ജാമ്യഹര്‍ജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്. ജസ്റ്റിസ് ബി കമാല്‍പാഷയാണ് കേസ് പരിഗണിച്ചത്. എം എല്‍ എ ഉള്‍പ്പെടെയുള്ളവരുടെ പ്രേരണയാണ് ആത്മഹത്യകാരണമെന്ന് ശശിധരന്‍ ആത്മഹത്യകുറിപ്പില്‍ എഴുതിയിരുന്നു.
 
ഇതിനെ തുടര്‍ന്ന് ജെയിംസ് മാത്യുവിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനും കോടതി ഉത്തരവിട്ടു.

വെബ്ദുനിയ വായിക്കുക