പ്രധാനമന്ത്രിക്ക് വഴിയൊരുക്കുകയാണ് യതീഷ് ചന്ദ്ര ചെയ്തത്; പുതുവൈപ്പിനിലെ പൊലീസ് നരനായാട്ടിനെ ന്യായീകരിച്ച് ഡിജിപി സെന്‍കുമാര്‍

Webdunia
ചൊവ്വ, 20 ജൂണ്‍ 2017 (14:21 IST)
ഡി സി പി യതീഷ് ചന്ദ്രയെ ന്യായീകരിച്ച് ഡി ജി പി ടി പി സെന്‍കുമാര്‍. അന്നത്തെ ദൃശ്യങ്ങള്‍ മുഴുവനും താന്‍ കണ്ടു. അതില്‍ അപാകതയൊന്നും തോന്നിയില്ല. പുതുവൈപ്പില്‍ നടന്ന പൊലീസ് നടപടിയില്‍ യതീഷ് ചന്ദ്ര ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രിക്ക് വഴിയൊരുക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നും സെന്‍കുമാര്‍ വ്യക്തമാ‍ക്കി.  
 
പ്രധാനമന്ത്രി എത്തുന്നതിന്റെ തലേ ദിവസം സുരക്ഷാ ഭീഷണിയുണ്ടായിരുന്നു. തീവ്രവാദ ഭീഷണിയായിരുന്നു അത്. അതുകൊണ്ട് തന്നെ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു യതീഷ് ചന്ദ്ര. പ്രധാനമന്ത്രിയുടെ വാഹനം എത്തുന്നതിന് മുന്‍പായി പ്രശ്‌നമുണ്ടാക്കിയാ‍ല്‍ പൊലീസ് ഇടപെടും. അത്രമാത്രമാണ് ഉണ്ടായത്. വൈപ്പില്‍ പോയി ജനങ്ങളെ മര്‍ദ്ദിച്ചിട്ടില്ലെന്നും ഡിജിപി പറഞ്ഞു.  
 
പുതുവൈപ്പിനില്‍ പൊലീസ് ആരുടെയും വീട്ടില്‍ പോയി ആക്രമിച്ചിട്ടില്ല. വികസനത്തിന്റെ പ്രശ്‌നം വന്നാല്‍ ആര്‍ക്കെങ്കിലും ഉപദ്രവമുണ്ടാകും. ഒരു പുതിയ പ്രൊജക്റ്റ് വരുമ്പോള്‍ അതിലെന്ത് നടപടിയാണ് വേണ്ടതെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. കേരളം മാത്രമാണ് ഇങ്ങനെയുളളത്. മൂവായിരമോ നാലായിരമോ ജനങ്ങള്‍ക്കായിരിക്കും ഒരു വികസനം വരുമ്പോള്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
കൊച്ചിയില്‍ എത്തിയ സമയത്തായിരുന്നു ഡിജിപി ടി പി സെന്‍കുമാര്‍ എസ്പിയെയും ഡിസിപിയെയും വിളിച്ചുവരുത്തിയത്. യതീഷ് ചന്ദ്രക്കെതിരെ നടപടി വേണമെന്ന് ഭരണപക്ഷത്ത് നിന്നും വിഎസ് അച്യുതാനന്ദനും സിപിഐയും പ്രതിപക്ഷവും ആവശ്യപ്പെടുമ്പോഴാണ് നടപടിയെ ന്യായീകരിച്ച് ഡിജിപി തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.
Next Article