പ്രതിപക്ഷത്തിന് അസഹിഷ്ണുത; അട്ടിമറി ശ്രമം വിലപ്പോവില്ലെന്ന് മാണി

ബുധന്‍, 17 ജൂലൈ 2013 (21:21 IST)
PRO
PRO
കടുത്ത അസഹിഷ്ണുതയിലാണ് പ്രതിപക്ഷമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാനും ധനമന്ത്രിയുമായ കെ എം മാണി. സര്‍ക്കാര്‍ നല്ല രീതിയില്‍ പോകുന്നതിലുള്ള വിഷമമാണ് പ്രതിപക്ഷത്തിന്. സഭയെ അടിച്ചുപിരിക്കുന്ന നടപടിയാണ് പ്രതിപക്ഷം കാണിച്ചത്. ഗവണ്‍‌മെന്റ് നയങ്ങളെ താറടിക്കണം, എങ്ങനെയെങ്കിലും അട്ടിമറിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. അതു വിലപ്പോവില്ലെന്നും കെ എം മാണി വ്യക്തമാക്കി.

മുഖ്യമന്ത്രി ആകാനുള്ള യോഗ്യത എനിക്കുണ്ട്. എന്നാല്‍ അതിനുള്ള ആഗ്രഹമില്ല. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് താന്‍ ആരുമായി ബന്ധപ്പെട്ടിട്ടില്ലെന്നും കെ.എം മാണി വ്യക്തമാക്കി.

വളഞ്ഞ വഴിയിലൂടെ തനിക്ക് മുഖ്യമന്ത്രിയാകേണ്ടെ. സോളാര്‍ തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. നല്ല അഭിപ്രായം വരുന്നതില്‍ കേരള കോണ്‍ഗ്രസിനു അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിയേക്കാള്‍ ഭേദം കെ എം മാണിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞിരുന്നു. മാണിയോട് തൊട്ടുകൂടായ്മയില്ല. യുഡിഎഫിനെ താങ്ങിനിര്‍ത്തേണ്ട ബാധ്യത എല്‍ഡിഎഫിനില്ലെന്നും പന്ന്യന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നാലെ എകെജി സെന്‍ററിലെത്തി പിണറായിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പന്ന്യന്‍ നിലപാട് മാറ്റി. കൂടാതെ ബദല്‍ സര്‍ക്കാരിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും പറഞ്ഞു. ഭരണത്തിലുള്ളവര്‍ പോലും ഭരണമാറ്റം ആഗ്രഹിക്കുന്നതായി സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതികരിച്ചിരുന്നു.

സോളാര്‍ വിവാദത്തിനിടെ കോടിയേരി ബാലകൃഷ്ണനാണ് മാണിയുടെ പേര് ആദ്യം മുന്നോട്ട് വെച്ചത്. ഉമ്മന്‍ ചാണ്ടി മാറിനില്‍ക്കണം. പകരം യുഡിഎഫിലെ എത്രയോ നേതാക്കളുണ്ട്. മാണി സാറിനെ പരിഗണിച്ചുകൂടേയെന്നായിരുന്നു കോടിയേരിയുടെ ചോദ്യം. പിന്നാലെ പ്രതികരണവുമായി പി സി ജോര്‍ജ് രംഗത്തു വന്നു. മുഖ്യമന്ത്രിയാകാന്‍ മാണി സാര്‍ യോഗ്യനാണെന്നും കേരള കോണ്‍ഗ്രസ് അത് ആഗ്രഹിക്കുന്നുവെന്നുമായിരുന്നു പി സി ജോര്‍ജിന്റെ പ്രസ്താവന. എന്നാല്‍ മാണിയുമായി യോജിക്കാന്‍ കഴിയില്ലെന്ന് ഇടതുകക്ഷിയായ ജനതാദള്‍ (എസ്) വ്യക്തമാക്കി. മാണിയെ മുഖ്യമന്ത്രിയാക്കി ഇടതു മന്ത്രിസഭ വരുമെന്ന അഭ്യൂഹം പരക്കുന്നതിനിടെയാണ് ഇടതുപക്ഷത്തിനെതിരേ കെ എം മാണി ആഞ്ഞടിച്ചത്.

വെബ്ദുനിയ വായിക്കുക