പ്രതിഛായയില്‍ അഭിരമിക്കുന്ന ആളല്ല ഞാന്‍: സതീശന്‍

ശനി, 10 മെയ് 2014 (19:28 IST)
പ്രതിഛായയില്‍ അഭിരമിക്കുന്ന ആളല്ല താനെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന് ഉപാധ്യക്ഷന്‍ വി ഡി സതീശന്‍റെ മറുപടി. മദ്യലോബിയുടെ ആളാണ് താനെന്ന ആരോപണം കാര്യമാക്കുന്നില്ല. അങ്ങനെയുള്ള ആരോപണങ്ങള്‍ നേരിടേണ്ടിവരുമ്പോള്‍ പരിഭ്രമിക്കാറുമില്ല - സതീശന്‍ വ്യക്തമാക്കി.
 
ഷാനിമോള്‍ ഉസ്മാന് മദ്യലോബിയുമായി ബന്ധമില്ലെന്നും സതീശന്‍ പറഞ്ഞു. കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ഷാനിമോളെ എനിക്കറിയാം. മദ്യലോബിയുമായി ബന്ധമുണ്ടെന്ന് ചിത്രീകരിക്കപ്പെട്ടപ്പോള്‍ അവര്‍ക്ക് വിഷമമുണ്ടായത് സ്വാഭാവികമാണ്. ഒരു സാധാരണ സ്ത്രീയാണ് ഷാനിമോള്‍. താനായിരുന്നു എങ്കില്‍ കെ പി സി സി യോഗത്തില്‍ തന്നെ ഈ പ്രശ്നം അവസാനിപ്പിക്കുമായിരുന്നു. ഈ വിഷയം കൈകാര്യം ചെയ്ത രീതിയില്‍ പാളിച്ച പറ്റി - ഇന്ത്യാവിഷന് അനുവദിച്ച അഭിമുഖത്തില്‍ വി ഡി സതീശന്‍ വ്യക്തമാക്കി.
 
മന്ത്രിസഭാ പുനഃസംഘടന ആവശ്യമില്ലെന്നും സതീശന്‍ പറഞ്ഞു. ഈ മന്ത്രിസഭയില്‍ മാറ്റം വരുത്തേണ്ട കാര്യമില്ല. നല്ല മന്ത്രിമാരാണ് നമുക്കുള്ളത്. മുഖ്യമന്ത്രിക്ക് വേണമെങ്കില്‍ മാറ്റം വരുത്താവുന്നതാണെന്നും എന്നാല്‍ അത് നിലവിലുള്ളവര്‍ കഴിവില്ലാത്തവരായതുകൊണ്ട് അല്ലെന്നും സതീശന്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക