പൊലീസ് സംയമനം പാലിക്കണം: സുരേഷ് ഗോപി

Webdunia
ഞായര്‍, 23 ജനുവരി 2011 (09:29 IST)
PRO
PRO
കേരളത്തിലെ പൊലീസുകാര്‍ സംയമനം പാലിക്കാന്‍ പഠിക്കേണ്ടതുണ്ടെന്ന് സിനിമാതാരം സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. കണ്ണൂരിലെ ജവഹര്‍ ലൈബ്രറി ഓഡിറ്റോറിയത്തില്‍ കേരള പൊലീസ്‌ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ കുടുംബ സംഗമവും എസ്‌എസ്‌എല്‍സി കാഷ്‌ അവാര്‍ഡ്‌ വിതരണവും ഉദ്ഘാടനം ചെയ്യുമ്പോഴാണ് സുരേഷ് ഗോപി ഇങ്ങിനെ പറഞ്ഞത്.

“നമ്മുടെ പൊലീസുകാര്‍ സംയമനം പാലിക്കാന്‍ പഠിക്കേണ്ടതുണ്ട്. ഒരു കാര്യം എനിക്ക് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താനുണ്ട്. ഇപ്പോള്‍ പൊലീസ് വകുപ്പില്‍ നിലവിലുള്ള സ്ഥലമാറ്റ സംവിധാനം എടുത്തുകളഞ്ഞ്‌ ഓരോ പൊലീസുകാര്‍ക്കും സ്വന്തം നാട്ടില്‍ ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കണം. ഇങ്ങിനെ ചെയ്യുന്നത് പൊലീസുകാരെ കൂടുതല്‍ ഉത്തരവാദിത്തബോധം ഉള്ളവരാക്കും.”

“പൊലീസുകാരിലെ മാറ്റം വൈകാരികമായി ഇതുവരെ ജനങ്ങളിലെത്തിയിട്ടില്ല. മറ്റു ജീവനക്കാരേക്കാള്‍ പോലിസുകാര്‍ സമ്മര്‍ദം ഏല്‍ക്കേണ്ടി വരുന്നുണ്ട്‌. ചുവപ്പുനാടയില്‍ പോലീസുകാരന്റെ ജീവിതത്തെ കുടുക്കിയിടരുത്‌. സ്വജനപക്ഷപാതം കാണിക്കുകയുമരുത്” - സുരേഷ്‌ ഗോപി പറഞ്ഞു.

ഒട്ടേറെ പൊലീസ് കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ച സുരേഷ് ഗോപിയുടെ അഭിപ്രായങ്ങളെ കയ്യടിയോടെയാണ് പൊലീസുകാരും കുടുംബാംഗങ്ങളും എതിരേറ്റത്. ജില്ലാ പ്രസിഡന്റ്‌ കെ.പി രമേശന്‍ അധ്യക്ഷത വഹിച്ചു. എസ്‌.പി രാംദാസ്‌ പോത്തന്‍, ഡിവൈഎസ്പി പി.പി സദാനന്ദന്‍, വി. പുഷ്പകുമാര്‍, മധുകുറുപ്പത്ത്‌, കെ.വി കൃഷ്ണന്‍, കെ.വി മുഹമ്മദ്‌ അഷ്‌റഫ്‌, സുനില്‍ ഗോപി, കെ.ജി പ്രകാശ്‌ കുമാര്‍, എന്‍. രാമകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.