തിരുവനന്തപുരത്ത് വന്‍ കവര്‍ച്ച നടത്തിയതിന് അറസ്റ്റിലായ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ അടുത്ത മാസം 12 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. രാവിലെ ഒന്‍പതു മണിയോടെയാണ് ബണ്ടിയെയും കൊണ്ട് പൊലീസ് മജിസ്ട്രേറ്റിന്റെ ചേമ്പറിലെത്തിയത്. പൊലീസ് തന്നെ മര്‍ദ്ദിച്ചെന്ന് ബണ്ടി കോടതി മുന്‍പാകെ പരാതിപ്പെട്ടു.
ഇതിന്റെ അടിസ്ഥാനത്തില്‍ ബണ്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇയാളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് വൈകാതെ അപേക്ഷ സമര്‍പ്പിക്കുമെന്നാണ് വിവരം. ശനിയാഴ്ച രാത്രിയിലാണ് പുനെയില്‍ വച്ച് ബണ്ടി ചോര്‍ മഹാരാഷ്ട്ര പൊലീസിന്റെ പിടിയിലായത്. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ എയര്‍ഇന്ത്യയുടെ എഐ 667 മുംബൈ-തിരുവനന്തപുരം വിമാനത്തിലാണ് ബണ്ടി ചോറിനെ എത്തിച്ചത്.
മഹാരാഷ്ട്ര പൊലീസ് അതീവ സുരക്ഷയിലാണ് ഇയാളെ മുംബൈ വിമാനത്താവളത്തില്‍ എത്തിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിലും വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയത്. മാധ്യമപ്പടയും വന്‍ ജനക്കൂട്ടവുമാണ് ബണ്ടിയെ കാണാനായി വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയത്.
ജനുവരി 21ന് പുലര്‍ച്ചെയാണ് പട്ടത്തെ വന്‍ സുരക്ഷാ സംവിധാനമുള്ള വീട്ടില്‍ ബണ്ടി ചോര്‍ കവര്‍ച്ച നടത്തിയത്. ഒരു ആഡംബര കാറിനു പുറമേ ഒരു ലക്ഷം വില വരുന്ന ലാപ്ടോപ്പും 40,000 രൂപ വില വരുന്ന ഒരു മൊബൈല്‍ ഫോണും 15,000 രൂപ വില വരുന്ന മറ്റൊരു മൊബൈല്‍ ഫോണും അര പവന്റെ മോതിരവും 2000 രൂപയുമാണ് ഇവിടെ നിന്നും ബണ്ടി ചോര്‍ കവര്‍ന്നത്.
ഡല്‍ഹി സ്വദേശിയായ ബണ്ടി ചോര്‍. ഒറ്റയ്ക്ക് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തിട്ടുള്ള ഇയാളെക്കുറിച്ച് ഓയ് ലക്കി എന്ന സിനിമയും ഇറങ്ങിയിട്ടുണ്ട്.