പൊലീസിലുള്ളത് പാരകളും സ്ഥാപിത താല്‍പ്പര്യങ്ങളും; വീണ്ടും സെന്‍‌കുമാറിന്റെ വിവാദപരാമര്‍ശം

വ്യാഴം, 23 മെയ് 2013 (16:33 IST)
PRO
PRO
പോലീസിലുള്ളത്ര പാരകളും സ്ഥാപിത താല്പര്യങ്ങളും മറ്റെവിടെയുമില്ലെന്ന് ഇന്റലിജന്‍സ് എഡിജിപി: ടിപി സെന്‍കുമാര്‍. കലാഭവന്‍ മണിയെ പിന്തുണച്ചുകൊണ്ട് വിവാദപ്രസംഗം നടത്തിയതിനു തൊട്ടുപിന്നാലെ പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സ്മരണികയില്‍ എഴുതിയ ലേഖനത്തിലാണ് ഇത്തരത്തില്‍ പരാമര്‍ശമുള്ളത്. സ്മരണിക നാളെ കൊല്ലത്ത് പ്രകാശിപ്പിക്കും.

സ്വന്തം താല്പര്യപ്രകാരമല്ലെങ്കിലും പലപ്പോഴും പോലീസില്‍ നിന്നു പുറത്തുപോയി ജോലി ചെയ്യേണ്ടി വന്നിട്ടുണ്ട്. അത് ‘ഉര്‍വ്വശീശാപം ഉപകാരം പോലെ’ ആയി. നല്ലൊരു നേതൃത്വമുണ്ടെങ്കില്‍ ആത്മാര്‍ഥമായ പ്രവര്‍ത്തനം മറ്റെല്ലായിടവും നടക്കും,

പോലീസില്‍ അതും നടക്കില്ല എന്ന് പുറത്തുള്ള പ്രവര്‍ത്തനത്തിലൂടെ മനസ്സിലായി. താന്‍ എഎസ്പിയായി പോലീസില്‍ ചേര്‍ന്ന കാലത്തുണ്ടായിരുന്ന പരസ്പരധാരണയും വിശ്വാസവും ഇപ്പോഴില്ല. ഉദ്യോഗസ്ഥര്‍ പലരും പരസ്പരബന്ധമില്ലാത്ത ദ്വീപുകള്‍ പോലെ പ്രവര്‍ത്തിക്കുന്നു.

പല പോലീസ് ഓഫീസര്‍മാരുടെയും കൂറ് രാഷ്ട്രീയക്കാരോടാണ്. തങ്ങള്‍ ചെയ്യുന്ന അതിക്രമങ്ങളും കൊള്ളരുതായ്മകളും മായ്ച്ചുകളയാന്‍ രാഷ്ട്രീയ തലതൊട്ടപ്പന്മാര്‍ സഹായിക്കുമെന്ന് ഈ ഓഫീസര്‍മാര്‍ കരുതുന്നു. എന്നാല്‍, ചില ഓഫീസര്‍മാര്‍ രാഷ്ട്രീയക്കാര്‍ പറഞ്ഞാല്‍ ഒന്നും അനുസരിക്കില്ല എന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്. അതേസമയം മേലുദ്യോഗസ്ഥന്‍ നിര്‍ദ്ദേശിച്ചാല്‍ ഇക്കൂട്ടര്‍ എന്തും ചെയ്യാന്‍ തയ്യാറുമാണ്. രാഷ്ട്രീയക്കാര്‍ പറഞ്ഞു എന്നതുകൊണ്ടു മാത്രം ചിലകാര്യങ്ങള്‍ ചെയ്യാന്‍ ഉദ്യോഗസ്ഥന്മാര്‍ തയ്യാറാകാതിരിക്കുന്നത് ശരിയല്ലെന്നും എഡിജിപി ചൂണ്ടിക്കാട്ടുന്നു.

ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സ്വകാര്യ സന്ദര്‍ശനവേളകളിലും മാര്‍ക്കറ്റുകളിലും യൂണിഫോമണിഞ്ഞ പോലീസുകാര്‍ അനുഗമിക്കുന്നത് ശരിയല്ല. ഇതിനെതിരെ പരാതി ഉയരാത്തത് തന്നെ അത്ഭുതപ്പെടുത്തുന്നു. പരസ്പരം പുറം ചൊറിയുന്ന നിലപാടാണ് എല്ലാവരും സ്വീകരിച്ചിരിക്കുന്നതെന്ന് ‘ചില പോലീസ് കാര്യങ്ങള്‍’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി.

വെബ്ദുനിയ വായിക്കുക