പെരിഞ്ഞനം കൊലക്കേസ്: പത്തു പ്രതികള്‍ക്ക് ജീവപര്യന്തം

വെള്ളി, 30 ജനുവരി 2015 (15:42 IST)
പെരിഞ്ഞനം കാട്ടൂര്‍ സ്വദേശി നവാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാര്‍ക്കെല്ലാം ജീവപര്യന്തം. ഇരിങ്ങാലക്കുട ജില്ല സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. സി പി എം മുന്‍ ലോക്കല്‍ സെക്രട്ടറി അടക്കമുള്ള പത്തു പ്രതികള്‍ക്കാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.
 
പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി ഇന്നു രാവിലെ വിധിച്ചിരുന്നു. ഒമ്പതാം പ്രതി സുമേഷിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍ എണ്‍പതിനായിരം രൂപയും ആറുമുതല്‍ പതിനൊന്നു വരെയുള്ള പ്രതികള്‍ അറുപതിനായിരം രൂപയും പിഴയൊഴുക്കണമെന്നും കോടതി വിധിച്ചു.
 
ഒന്നാംപ്രതി പുതുക്കാട് സ്വദേശികളായ കല്ലരര്‍ പള്ളിരുത്ത് ചെറുവാള്‍ക്കാരന്‍ റിന്റോ (32), രണ്ടാംപ്രതി കല്ലൂര്‍ അറയ്ക്കല്‍ വീട്ടില്‍ സലേഷ് (22), മൂന്നാംപ്രതി മാവിന്‍ചുവട് ചിറ്റിയത്ത് ബിദുന്‍ (22), നാലാംപ്രതി കല്ലൂര്‍ തെറ്റാട്ട് പൂക്കോളി ജിക്‌സണ്‍ (31), അഞ്ചാംപ്രതി പെരിഞ്ഞനെ സ്വദേശി നടയ്ക്കല്‍ ഉദയകുമാര്‍ (45), ആറാംപ്രതി കയ്പമംഗലം വഴിയമ്പലത്ത് ചുള്ളിപ്പറമ്പില്‍ ഹബീബ് (31), ഏഴാംപ്രതി പെരിഞ്ഞനം വെസ്റ്റ് കിഴക്കേടത്ത് സനീഷ് (29), എട്ടാംപ്രതിയും സി പി എം പെരിഞ്ഞനം മുന്‍ ലോക്കല്‍ സെക്രട്ടറിയുമായ പെരിഞ്ഞനം ചക്കരപ്പാടം നെല്ലിപ്പറമ്പത്ത് രാമദാസന്‍ (41), പത്താംപ്രതി റഫീഖ്, പതിനൊന്നാം പ്രതി സുബൈര്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

വെബ്ദുനിയ വായിക്കുക