സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങളെ കഥയുടെ രൂപത്തിലും ട്രോളുകളുടെ രൂപത്തിലും പൊതുസമൂഹത്തിലേക്ക് എത്തിക്കുന്ന കാര്യത്തില്‍ സോഷ്യല്‍ മീഡിയ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. അത്തരത്തില്‍ പെണ്മക്കള്‍ ഉള്ള അച്ഛന്മാരും സഹോദരന്മാരും വായിച്ചിരിക്കേണ്ട ഒരു പോസ്റ്റാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലാകുന്നത്. കുറിപ്പ് ആരെഴുതിയതാണെന്ന് വ്യക്തമല്ല.
വൈറലാകുന്ന കുറിപ്പ്:
പെണ്ണെന്നു കേട്ടാല്‍ അവനു ഹരമായിരുന്നു. വീട്ടില്‍ പുറം ജോലിക്ക് വന്ന സ്ത്രീയോട് മോശമായി പെരുമാറിയതിന് വാപ്പയുടെ കയ്യുടെ ചൂടറിഞ്ഞ സമയത്തു അവനു വയസ്സ് പതിനാറു. പാരലല്‍ കോളേജില്‍ ആയിരുന്ന സമയത്തു ഏതൊ പെണ്ണിനോടു മോശമായി പെരുമാറി എന്നും പറഞ്ഞു ക്ലാസ്സീന്നു പുറത്താക്കുന്ന സമയത്തു വയസ്സു പതിനെട്ടു ആവുന്നെ ഉണ്ടാരുന്നുള്ളൂ പിന്നീടങ്ങോട്ടു അവന്‍ കൂടുതല്‍ മോശമായി വരികയാരുന്നു. തിരക്കുള്ള ബസ് ബസ്‌റ്റോപ്പുകള്‍ ..എന്നു വേണ്ട ഇടവഴികളില്‍ കൂടി വരെ പെണ്ണുങ്ങള്‍ക്ക് തനിച്ചു നടക്കാന്‍ വയ്യാത്ത അവസ്ഥയായി .. മാനാഭിമാനം ഓര്‍ത്തു പലരും പുറത്തു പറയാത്തത് അവനു കൂടുതല്‍ വളമായെന്നു പറയാം.
ഒരൊറ്റ മോനുള്ളത് ഇങ്ങനെ വഴിപിഴച്ചു പോയതു കണ്ടു നിസ്‌കാരപ്പായെന്നു കണ്ണീരൊഴുക്കി പടച്ചോനോട് പ്രാര്‍ഥിക്കാന്‍ മാത്രമെ അവന്റെ ഉമ്മാക്കു കഴിയുമാരുന്നുള്ളൂ .. നാട്ടുകാരുടേം കുടുംബക്കാരുടെം മുഖത്തു നോക്കാന്‍ വയ്യാതെ വാപ്പ എങ്ങും പോവാതെ വീട്ടിലിരിപ്പായി. ആയിടക്കാണ് ആരോ പറഞ്ഞതു അവനെ ഒരു പെണ്ണു കെട്ടിച്ചു നോക്കാം …ചിലപ്പൊ നന്നാവാന്‍ വഴിയുണ്ടെന്നു… പെണ്ണു കെട്ടി പലരും രക്ഷപ്പെട്ട കഥയും അയാള്‍ വിശദീകരിച്ചു പറയുകയും ചെയ്തു. അങ്ങിനെ ആ വഴിക്കായി ആലോചന. കയ്യിലിരിപ്പു വെച്ചു കൊള്ളാവുന്ന വീട്ടീന്നു ആരും പെണ്ണു കൊടുക്കൂല്ലാന്നുള്ളത് കൊണ്ടു ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയെ കണ്ടെത്തി അവരാ ചടങ്ങ് നടത്തി .. പക്ഷേ വിവാഹ ശേഷവും അവന്റെ സ്വഭാവത്തില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായില്ലന്നുള്ളത് എല്ലാവരെയും ഒരുപോലെ സങ്കടപ്പെടുത്തി. അതിനിടയിലെപ്പോഴോ അവന്റെ ഭാര്യ ഗര്‍ഭിണിയായി.
വീട്ടിലൊരു പേരക്കുട്ടി വരുന്നതിന്റെ സന്തോഷത്തിലായി ഉമ്മയും വാപ്പയും … അവന്‍ അതൊന്നും കണ്ടതായി തന്നെ ഭാവിച്ചില്ല.. പ്രസവ ദിവസം അടുത്തു വന്നു… സ്വന്തം മകന്റെ സ്വഭാവ ദൂഷ്യം സമ്മാനിച്ച അനുഭവങ്ങള്‍ കൊണ്ടാവണം മകന് ജനിക്കാന്‍ പോവുന്നത് പെണ്‍കുഞ്ഞു ആവണെന്നു ആ ഉമ്മയും വാപ്പയും മനസ്സുരുകി പ്രാര്‍ഥിച്ചു പോയതു. അവരുടെയാ പ്രാര്ത്ഥന പടച്ചോന്‍ കേട്ടു.. പക്ഷേ കുഞ്ഞിനെ അവര്‍ക്കു നല്‍കി അവള്‍ എന്നെന്നേക്കുമായി ഈ ലോകത്തോടു വിട പറഞ്ഞു.. ഇനിയൊരു പരീക്ഷണം കൂടി സഹിക്കണ്ടാന്നു കരുതി ദൈവം ആ പാവത്തിനെ നേരത്തെ വിളിച്ചതാവണം . അവളെ സ്‌നേഹിക്കാനും സംരക്ഷിക്കാനും കഴിയാതെ പോയതിന്റെ കുറ്റബോധം കൊണ്ടാവണം അയാള്‍ ആകെ മാറിയതു. പിന്നീടങ്ങോട്ടു അയാളുടെ ജീവിതം മകള്‍ക്ക് വേണ്ടി മാത്രം ആയി മാറുകയാരുന്നു …
അവളുടെ ഒരോ വളര്‍ച്ചയും അയാള്‍ നോക്കിക്കാണുകയായിരുന്നു .. അവള്‍ പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്താണു കൂടെ പഠിക്കുന്ന ഏതൊ ചെറുക്കന്‍ അവളോടെന്തോ മോശമായി പെരുമാറിയെന്നും പറഞ്ഞു അയാള്‍ സ്‌കൂളില്‍ ചെന്നു ബഹളമുണ്ടാക്കിയത്… അന്നത്തെ ആ സംഭവത്തോടെ അയാള്‍ക്ക് മകളെ ഓര്‍ത്തുള്ള ആധി കൂടിക്കൂടി വന്നു… ക്ലാസ് ടൈം കഴിഞ്ഞു അവളെത്തുന്നത് അല്‍പം താമസിച്ചാല്‍ അയാള്‍ നെഞ്ച് തടവിക്കൊണ്ട് മുറ്റത്തൂടെ അങ്ങൊട്ടുമിങ്ങൊട്ടും നടക്കുന്നതു പതിവു കാഴ്ചയായി… ആയ കാലത്തു പെണ്‍കുട്ടികളെ ഉപദ്രവിച്ചതിനു ദൈവം കൊടുത്ത ശിക്ഷയാണ് ഇതെന്നു പലരും അടക്കം പറഞ്ഞു… അങ്ങിനൊരു ദിവസം പതിവു സമയം കഴിഞ്ഞും അവളെത്തിയില്ല … എന്തു ചെയ്യണം എന്നറിയാതെ അയാള്‍ പരക്കം പാഞ്ഞു…
നിങ്ങള്‍ ബേജാര്‍ ആവാണ്ടിരിക്ക്… അവളിങ്ങു വന്നോളും … പലരും ആശ്വസിപ്പിച്ചു വെങ്കിലും അതൊന്നും കേള്‍ക്കാനുള്ള മാനസികാവസ്ഥയില്‍ ആയിരുന്നില്ല അയാള്‍ .. മനസ്സിലൂടെ ഒരായിരം ചിന്തകള് കടന്നു പോയി … ഇടവഴികളില്‍ യാത്രാ വേളകളില്‍ ഒക്കെയും ഭയപ്പാടോടെ അയാളെ നോക്കിയിരുന്ന കണ്ണുകള്‍ അയാളുടെ മുന്നില് തെളിഞ്ഞു വന്നു. ചെയ്തു പോയ തെറ്റുകളുടെ ശിക്ഷ മകളുടെ രൂപത്തിലാണ് ദൈവം നല്‍കിയതെന്ന തോന്നലാവണം ആ കണ്ണുകള്‍ പശ്ചാത്താപ ഭാരത്താല്‍ നിറഞ്ഞൊഴുകി … അയാള്‍ തിരിച്ചറിയുകയായിരുന്നു പെണ്മക്കളുള്ള അച്ചനമ്മമാരുടെ വേദന … പുറത്തൊരു വണ്ടി വന്നു നിര്‍ത്തുന്ന ശബ്ദം കേട്ടയാള്‍ ഓടി ചെന്നു നോക്കി … മകളെ കൈപിടിച്ചു വണ്ടിയില്‍ നിന്നിറക്കാന്‍ ശ്രമിക്കുന്നു രണ്ടു ചെറുപ്പക്കാര്‍.
അവരിലൊരാള്‍ അയാളുടെ അടുത്തേക്കു വന്നു.റോഡരികില്‍ ബോധമില്ലാതെ കിടക്കുന്നതു കണ്ടു ഞങ്ങള്‍ അപ്പൊ തന്നെ ആശുപത്രിയില്‍ എത്തിച്ചതാണ്… ബോധം വീണപ്പോഴാണ് ഇവളോട് കാര്യങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കിയതു… കുഴപ്പമൊന്നുമില്ല അരമണിക്കൂര്‍ റെസ്റ്റ് എടുത്തു വീട്ടിലേക്കു പോവാന്നു ഡോക്ടര്‍ പറഞ്ഞപ്പൊ അവളെ തനിച്ചു വിടാന്‍ തോന്നിയില്ല .. സുരക്ഷിതമായി ഇവളെ വീട്ടിലെത്തിക്കുക എന്ന ദൗത്യം ഞങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. അല്ലെങ്കില്‍ പിന്നെ ആണാന്നു പറഞ്ഞിട്ടെന്തു കാര്യം അല്ലെ ഇക്കാ .. അയാളൊന്നും മിണ്ടിയില്ല . … അപമാന ഭാരത്താല്‍ ആ മുഖം കുനിഞ്ഞു പോവുന്നുണ്ടായിരുന്നു. മകളെ ചേര്‍ത്തു പിടിച്ചു സന്തോഷാധിക്യം കൊണ്ടു വിതുംബുമ്പോഴും ആ ചെറുപ്പക്കാരന്‍ പറഞ്ഞ വാക്കുകള്‍ അയാളുടെ കാതില്‍ മുഴങ്ങുന്നുണ്ടായിരുന്നു. അതെ ആണു ആണായി മാറുന്നതും തലയുയര്‍ത്തി നടക്കാന്‍ കഴിയുന്നതും പെണ്ണിന്റെ അന്തസ്സും അഭിമാനവും കാത്തു സൂക്ഷിക്കാന്‍ കഴിയുന്ന സമൂഹത്തില്‍ മാത്രമാണു.