പൂഞ്ഞാറില്‍ ഇടതുസ്ഥാനാര്‍ത്ഥി പി സി ജോര്‍ജ്ജ് തന്നെ, എതിരാളി മാണിയുടെ സ്വന്തം സജി മഞ്ഞക്കടമ്പന്‍?

Webdunia
വ്യാഴം, 25 ഫെബ്രുവരി 2016 (19:55 IST)
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പൂഞ്ഞാര്‍. പി സി ജോര്‍ജ്ജിന്‍റെ സ്വന്തം മണ്ഡലം എന്നതാണ് പൂഞ്ഞാറിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. അതിലുപരിയായി, ഇത്തവണ പൂഞ്ഞാര്‍ യു ഡി എഫിന്‍റെ അഭിമാനപ്പോരാട്ടം നടക്കുന്ന മണ്ഡലം കൂടിയാണ്. ഉമ്മന്‍‌ചാണ്ടിയുടെയും കെ എം മാണിയുടെയുഇം പൊതുശത്രുവായ പി സി ജോര്‍ജ്ജ് ഒരുകാരണവശാലും പൂഞ്ഞാറില്‍ ജയിക്കരുതെന്ന് ഉറപ്പിച്ച് കടുത്ത പോരാട്ടത്തിനാണ് യു ഡി എഫ് ഒരുങ്ങുന്നത്.
 
പൂഞ്ഞാറില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ധാരണയായതായി പി സി ജോര്‍ജ്ജ് അറിയിച്ചു. ഇതോടെ ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി ആരായിരിക്കുമെന്ന കാര്യത്തിലെ അനിശ്ചിതത്വവും മാറി. പി സി ജോര്‍ജ്ജിനെ ഇടതുമുന്നണി പിന്തുണയ്ക്കുമോ എന്ന ആശങ്ക പൂഞ്ഞാറിലെ ജനങ്ങള്‍ക്കും പി സി ജോര്‍ജ്ജിനുതന്നെയും ഉണ്ടായിരുന്നു. ആ ആശങ്കകള്‍ക്കാണ് പരിഹാരമായിരിക്കുന്നത്.
 
ജോര്‍ജ്ജിനെ തോല്‍പ്പിക്കാന്‍ ആരെയിറക്കണമെന്ന ചിന്തയില്‍ പല പേരുകളും യു ഡി എഫ് നേതൃത്വം ചര്‍ച്ച ചെയ്തിട്ടുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് കേരളകോണ്‍ഗ്രസിന്‍റെ യുവനേതാവ് സജി മഞ്ഞക്കടമ്പനാണ്. ഇപ്പോള്‍ യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്‍റാണ് സജി.
 
പി സി ജോര്‍ജ്ജ് മാണിയെയും ഉമ്മന്‍‌ചാണ്ടിയെയും വെല്ലുവിളിച്ച് യു ഡി എഫില്‍ നിന്ന് ഇറങ്ങിപ്പോയപ്പോള്‍ പൂഞ്ഞാറില്‍ കേരളാ കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങള്‍ തകരാതെ ഏകോപിപ്പിച്ച് നിര്‍ത്തുകയും മുന്നില്‍ നിന്ന് നയിക്കുകയും ചെയ്തത് സജി മഞ്ഞക്കടമ്പനാണ്. മാണിയുടെ ഏറ്റവും വിശ്വസ്തന്‍ കൂടിയാണ് സജി.
 
മാത്രമല്ല, സജിയുടെ രാഷ്ട്രീയ ഗ്രാഫും യു ഡി എഫിനെ മോഹിപ്പിക്കുന്നതാണ്. ആദ്യത്തെ തെരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായ സജി രണ്ടാമത്തെ തെരഞ്ഞെടുപ്പില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റും അടുത്ത തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്തംഗവുമായി. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സജിയെ കേരള കോണ്‍‌ഗ്രസ് മത്സരരംഗത്തുനിന്ന് മാറ്റിനിര്‍ത്തി. പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തിലേക്ക് സജിയെ ഇറക്കാനുള്ള മാണിയുടെ തീരുമാനത്തിന്‍റെ ഭാഗമായിരുന്നു അതെന്നാണ് സൂചന.
 
എന്തായാലും പൂഞ്ഞാറില്‍ പി സി ജോര്‍ജ്ജും സജി മഞ്ഞക്കടമ്പനും ഏറ്റുമുട്ടിയാല്‍, അതൊരു തീപാറുന്ന പോരാട്ടമായിരിക്കുമെന്ന് തീര്‍ച്ച.