പുത്തൂര്‍ കസ്റ്റഡി മരണം: മേല്‍നോട്ടം വേണമെന്ന് സുപ്രീംകോടതി

വെള്ളി, 1 ഏപ്രില്‍ 2011 (15:59 IST)
വിവാദമായ പുത്തൂര്‍ ഷീലാ വധക്കേസിലെ പ്രതി സമ്പത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിന് സി ബി ഐ ജോയിന്റ് ഡയറക്‌ടര്‍ മേല്‍നോട്ടം വഹിക്കണമെന്ന് സുപ്രീംകോടതി. സമ്പത്തിന്റെ സഹോദരന്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.

അന്വേഷണം ഐ പി എസ്‌ ലോബി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സമ്പത്തിന്റെ സഹോദരന്‍ ഹര്‍ജി നല്‍കിയത്‌. അന്വേഷണത്തിന്‌ മേല്‍നോട്ടം വഹിക്കാന്‍ സി ബി ഐ ജോയിന്റ്‌ ഡയറക്‌ടറെ നിയോഗിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്.

നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഹരിദത്തിന്‌ അന്വേഷണം തുടരാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. സി ബി ഐ മാനുവല്‍ പ്രകാരം ആയിരിക്കണം അന്വേഷണം നടത്തേണ്ടതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

അതേസമയം, സി ജെ എം കോടതി അന്വേഷണ മേല്‍നോട്ടം വഹിക്കേണ്ടതില്ലെന്ന സി ബി ഐയുടെ ആവശ്യം സുപ്രീംകോടതി പരിഗണിച്ചില്ല.

വെബ്ദുനിയ വായിക്കുക