പുതിയ കൃഷിക്ക് സഹായം

ശനി, 22 മാര്‍ച്ച് 2008 (19:38 IST)
WDWD
പൂര്‍ണ്ണമായും കൃഷി നശിച്ചവര്‍ക്ക് പുതിയ കൃഷിയിറക്കാന്‍ സഹായം നല്‍കുമെന്ന് കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍. കൃഷിനാശം വിലയിരുത്താനായി ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വേനല്‍‌മഴ മൂലം സംസ്ഥാനത്ത് 82 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായി ഉന്നതതലസമിതിയെയും യോഗം ചുമതലപ്പെടുത്തി. കാര്‍ഷികോല്പാദന കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും സമിതി പ്രവര്‍ത്തിക്കുക.

മഴമുലം 27000 ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ സഹായം വേഗത്തില്‍ ലഭിച്ചാല്‍ നഷ്ടപരിഹാരം വിതരണം ചെയ്യുന്നതും വേഗത്തിലാക്കാനാകും.

അതിനിടെ, കഴിഞ്ഞ വര്‍ഷം മഴക്കെടുതി മൂലം ഉണ്ടായ കൃഷിനാശത്തോടനുബന്ധിച്ച് കേന്ദ്രം നല്‍കാമെന്ന് സമ്മതിച്ചിട്ടുള്ള തുകയില്‍ ബാക്കി ഉടന്‍ നല്‍കണമെന്ന് റവന്യൂ മന്ത്രി കെ പി രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. കൃഷി നാശം സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഞായറാ‍ഴ്ച ഡല്‍‌ഹിയില്‍ പോകുമെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക