പീഡനമെന്ന് കരുതി ചാടി; യാത്രിക ഗുരുതരനിലയില്‍

ശനി, 9 ജൂലൈ 2011 (15:51 IST)
ഓട്ടോ ഡ്രൈവര്‍ തങ്ങളെ പീഡിപ്പിക്കാനായി തട്ടിക്കൊണ്ട് പോകുകയാണെന്ന സം‌ശയത്താല്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്ന് പുറത്തുചാടിയ മൂന്ന് യുവതികളില്‍ ഒരാളുടെ നില ഗുരുതരം. വെള്ളിയാഴ്ച രാത്രിയാണ് കോഴിക്കോട് നഗരത്തെ നടുക്കിയ ഈ സംഭവം ഉണ്ടായത്. രാത്രി ജോലി കഴിഞ്ഞു താമസ സ്ഥലത്തേക്ക്‌ ഓട്ടറിക്ഷയില്‍ പോകുമ്പോള്‍ നിര്‍ത്തേണ്ട സ്ഥലത്തു നിര്‍ത്താത്തതിനാണ് യുവതികള്‍ പുറത്തേക്കു ചാടിയത്‌. തലക്ക്‌ സാരമായി പരിക്കേറ്റതിനെതുടര്‍ന്ന്‌ അബോധാവസ്ഥയിലായ ഒരു യുവതിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. കേവലം സംശയമാണ് യുവതികളെ അപകടത്തില്‍ പെടുത്തിയത് എന്നാണ് പൊലീസ് സംഭവത്തെ പറ്റി വിശദീകരിച്ചത്.

മാനന്തവാടി നല്ലൂര്‍നാട്‌ തകരപ്പള്ളി മാനുവലിന്റെ മകള്‍ ദില്‍നക്കാണ്‌ (19) ഗുരുതരമായി പരിക്കേറ്റത്‌. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. കല്‍പ്പറ്റ തടത്തില്‍ ക്വാര്‍ട്ടേഴ്സില്‍ ഗോപിയുടെ മകള്‍ ധന്യ (20), കണ്ണൂര്‍ സ്വദേശിനി ബിവിന (20) എന്നിവരാണ്‌ കൂടെയാത്ര ചെയ്തിരുന്നത്‌. ഇവരില്‍ ധന്യക്കും പരിക്കേറ്റിട്ടുണ്ട്‌. ഇവരും അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്‌. മാവൂര്‍ റോഡിലെ ഫോക്കസ്‌ മാളില്‍ ഇന്റീരിയര്‍ ഡിസൈനിംഗിനൊപ്പം ജോലിയും ചെയ്യുന്ന ഇവര്‍ താമസ സ്ഥലമായ പുതിയറയിലെ ഹോസ്റ്റലിലേക്ക്‌ പോകുമ്പോഴാണ്‌ അപകടം. താമസ സ്ഥലത്തെത്തിയിട്ടും നിര്‍ത്താതെ മുന്നോട്ടു പോയ ഓട്ടോറിക്ഷയില്‍ നിന്നും യുവതികള്‍ പുറത്തേക്ക്‌ ചാടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ്‌ ഇവരെ ആശുപത്രിയില്‍ എത്തിച്ചത്‌.

നാട്ടുകാര്‍ ഓടിക്കൂടിയതിനെ തുടര്‍ന്ന് ഡ്രൈവര്‍ ഷാജി ഓട്ടോയില്‍ നിന്ന് ഇറങ്ങി കസബ പൊലീസ് സ്റ്റേഷനിലേക്ക് ഓടി. താന്‍ നിരപരാധിയാണെന്നും റോഡ്‌ തകര്‍ന്നതിനാല്‍ കുഴിയുള്ള സ്ഥലം ഒഴിവാക്കി നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ യുവതികള്‍ക്ക് സം‌ശയം തോന്നി പുറത്ത് ചാടുകയാണ് ഉണ്ടായതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഡ്രൈവര്‍ക്കെതിരെ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌. ശനിയാഴ്ച രാവിലെ യുവതികള്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ എത്തി പോലീസ്‌ ഇവരുടെ മൊഴി എടുക്കുകയും ചെയ്തു. ഓട്ടോ ഡ്രൈവര്‍മാരുടെ സത്യസന്ധതക്ക്‌ പേരുകേട്ട കോഴിക്കോട്‌ നഗരത്തില്‍ ഇത്തരമൊരു സംഭവം ആദ്യമാണ്‌. ഷാജി നിരപരാധിയാണെന്നാണ് പ്രാഥമിക നിഗമനം.

വെബ്ദുനിയ വായിക്കുക