പി സി ജോര്‍ജ് പിണറായിയുമായി ചര്‍ച്ച നടത്തി

Webdunia
ബുധന്‍, 16 ഡിസം‌ബര്‍ 2015 (17:08 IST)
കേരള കോണ്‍ഗ്രസ് സെക്കുലര്‍ നേതാവ് പി സി ജോര്‍ജ്ജ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനുമായി ചര്‍ച്ച നടത്തി. എ കെ ജി സെന്‍ററിലെത്തിയാണ് ജോര്‍ജ് പിണറായിയെ കണ്ടത്. സെക്കുലറിന്‍റെ എല്‍‌ഡിഫ് പ്രവേശവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ജോര്‍ജും പിണറായിയും കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയനിരീക്ഷകരില്‍ കൌതുകമുണര്‍ത്തിയിട്ടുണ്ട്.
 
എന്നാല്‍, താന്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് വേണ്ടി ഈ മാസം 28ന് നടത്തുന്ന ഉപവാസത്തില്‍ പങ്കെടുക്കുന്നതിനായി പിണറായി വിജയനെ ക്ഷണിക്കാനാണ് എ കെ ജി സെന്‍ററില്‍ പോയതെന്ന് പി സി ജോര്‍ജ്ജ് മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ സി പി എമ്മിന്‍റെ പ്ലീനം നടക്കുന്നതിനാല്‍ പാര്‍ട്ടി നേതാക്കളാരും ഉപവാസപ്പന്തലില്‍ എത്താന്‍ കഴിയില്ലെന്ന് പിണറായി അറിയിച്ചതായും ജോര്‍ജ് വെളിപ്പെടുത്തി.
 
താന്‍ കോടിയേരി ബാലകൃഷ്ണനെയും കാനം രാജേന്ദ്രനെയും കണ്ടിരുന്നു എന്നും ഉപവാസപ്പന്തലില്‍ വരാമെന്ന് കാനം പറഞ്ഞിട്ടുണ്ടെന്നും ജോര്‍ജ്ജ് പറഞ്ഞു. റബ്ബര്‍ കര്‍ഷകരെക്കുറിച്ചുള്ള ആശങ്ക പിണറായി വിജയനുമായി പങ്കുവച്ചപ്പോള്‍ അദ്ദേഹം അക്കാര്യത്തില്‍ തന്നേക്കാള്‍ കൂടുതല്‍ പഠനം നടത്തിയിട്ടുള്ളതായി മനസിലായെന്നും ജോര്‍ജ്ജ് വ്യക്തമാക്കി. 
 
പ്രധാനമന്ത്രി കേരളത്തില്‍ വന്ന് എല്ലാവരെയും കബളിപ്പിച്ച് തിരിച്ചുപോയിരിക്കുന്ന സാഹചര്യത്തില്‍ എല്‍ ഡി എഫിന്‍റെ ഇടപെടല്‍ റബര്‍ കര്‍ഷകരുടെ കാര്യത്തില്‍ അനിവാര്യമാണെന്ന് പി സി ജോര്‍ജ് പറഞ്ഞു.