പിണറായിയെ വിലക്കിയില്ല, ക്ലിഫ് ഹൌസില്‍ കണ്ടാല്‍പ്പോരെയെന്നാണ് ചോദിച്ചതെന്ന് തിരുവഞ്ചൂര്‍

Webdunia
ചൊവ്വ, 29 ഒക്‌ടോബര്‍ 2013 (11:32 IST)
PRO
സുരക്ഷാകാരണങ്ങളാലാണ് പിണറായി വിജയനോടും കോടിയേരി ബാലകൃഷ്ണനോടും മുഖ്യമന്ത്രിയെ സന്ദര്‍ശിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചതെന്നും അല്ലാതെ അവരെ മനപൂര്‍വ്വം വിലക്കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

കേരളത്തിലെ സമുന്നതരായ നേതാക്കളാണ് ഇരുവരുമെന്നും അവര്‍ക്ക് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കാണാമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ആഭ്യന്തര വകുപ്പിന് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ വിഷമമില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

സുരക്ഷാവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. ഇനി അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. സംഭവസ്ഥലത്തുണ്ടായിരുന്ന മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കുമാണ് ഇക്കാര്യത്തെ കുറിച്ച് വ്യക്തതയോടെ പറയാന്‍ കഴിയുകയെന്നും അവര്‍ അത് വിശദീകരിച്ചെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

കണ്ണൂരിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ സുരക്ഷാവീഴ്ചയെ പറ്റി പറയുന്നത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.