പിണറായിക്കിപ്പോള്‍ മനോരോഗം: ശോഭ

ഞായര്‍, 30 ഓഗസ്റ്റ് 2009 (11:19 IST)
PRO
PRO
മുത്തൂറ്റ് പോള്‍ വധക്കേസിലെ പ്രതികള്‍ക്കെല്ലാം ആര്‍ എസ് എസ് ബന്ധമുണ്ടെന്ന് ആരോപിക്കുന്ന പിണറായി വിജയന്റെ മനോനില തകരാറിലാണെന്നും ഉടന്‍ മനോരോഗത്തിന് ചികിത്സിച്ചില്ലെങ്കില്‍ മൂക്കുമെന്നും മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ ശോഭാ സുരേന്ദ്രന്‍. സ്വന്തം മകന്‍ അകത്താവുമോ എന്ന ഭയമാണ് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഉള്ളിലുള്ളതെന്നും ശോഭ പറഞ്ഞു.

“മുത്തൂറ്റ് പോള്‍ വധക്കേസില്‍ കുറ്റം ആരോപിക്കപ്പെടുന്നവരൊക്കെ സി‌പി‌എം ഗുണ്ടകള്‍ ആയിരിക്കേ, എന്ത് അടിസ്ഥാനത്തിലാണ് ആര്‍ എസ് എസ് ഗുണ്ടകളാണ് കൊലപാതകത്തിന് പിന്നിലെന്ന് പിണറായി ആരോപിക്കുന്നത്. മുഖ്യപ്രതിയെന്ന് പൊലീസ് പറയുന്ന കാരി സതീഷും അയാളുടെ അമ്മ വിലാസിനിയും സി‌പി‌എമ്മുകാരാണ്.”

“ഇതിനൊക്കെ തെളിവുകളുള്ളപ്പോള്‍, പിണറായിക്ക് മാത്രം കാരി സതീഷും മറ്റും ആര്‍ എസ് എസ് ഗുണ്ടകളായി തോന്നുന്നു. മനോരോഗമാണിത്. പിണറായിയുടെ മനോരോഗം മാറ്റാനും മനോനില വീണ്ടെടുക്കാനും ചികിത്സ നല്‍‌കാന്‍ മുഖ്യമന്ത്രി അച്യുതാനന്ദന്‍ മുന്നോട്ട് വരണം.”

“പോള്‍ വധക്കേസിലെ പ്രതികളുടെ രാഷ്ട്രീയബന്ധത്തെക്കുറിച്ച്‌ അന്വേഷിക്കേണ്ട കാര്യമില്ലെന്നാണ് ആഭ്യന്തരമന്ത്രിയിപ്പോള്‍ പറയുന്നത്. സ്വന്തം മകനിലേക്ക്‌ അന്വേഷണം എത്തുമെന്ന ഭയം കൊണ്ടാണ് കോടിയേരി ഇങ്ങനെ പറയുന്നത്.”

“കോടിയേരിയുടെ മകന്റെ വിവാഹനിശ്ചയത്തിന് വന്നവര്‍ കല്യാണമുണ്ട് പോയി. വിവാഹനിശ്ചയം എങ്ങനെ കല്യാണമായി എന്ന് മനസിലാകുന്നില്ല. ഇതെല്ലാം വച്ച് നോക്കുമ്പോള്‍, കല്യാണദിവസം തന്നെ നടന്ന ഈ കൊലപാതകത്തില്‍ ബിനീഷ്‌ കോടിയേരിക്ക്‌ അഭേദ്യമായ ബന്ധമുണ്ട്‌ എന്ന സംശയം തോന്നുന്നു” - ശോഭ പറഞ്ഞു.

പോളിന്റെ കാറില്‍ നിന്നു കിട്ടിയ ലേഡീസ്‌ ബാഗിന്റെ ഉടമയായ സിനിമാ നടിയെയും ആഭ്യന്തരമന്ത്രിയുടെ മകന്‍ ബിനീഷ്‌ കോടിയേരിയേയും കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്താല്‍ എല്ലാം തെളിയുമെന്നും ശോഭ പറഞ്ഞു.

വെബ്ദുനിയ വായിക്കുക