പാലാ, പൂഞ്ഞാർ മണ്ഡലങ്ങളിൽ രഹസ്യധാരണ: ആരോപണം തള്ളി മാണിയും ജോർജും

ശനി, 9 ഏപ്രില്‍ 2016 (13:28 IST)
പാലാ, പൂഞ്ഞാർ മണ്ഡലങ്ങളിൽ രഹസ്യധാരണയുണ്ടെന്ന ആരോപണത്തെ ശക്തമായി എതിർത്ത് കെ എം മാണിയും പി സി ജോർജും. പാലായില്‍ താനിതുവരെ ജയിച്ചത് ജോർജിന്റെ സഹായമില്ലാതെയാണെന്ന് കെ എം മാണി വ്യക്തമാക്കി. പി സി തോമസിനെ പാലായിൽ നിന്നൊഴിവാക്കാൻ നടത്തിയ ധാരണയാണ് പൂഞ്ഞാറിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയെന്ന് ജോർജ് പറഞ്ഞു. 
 
കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ പാലായിലെ ചില പഞ്ചായത്തുകളില്‍ കെ എം മാണി രഹസ്യ ധാരണ ഉണ്ടാക്കിയെന്നാണ് ആക്ഷേപം. ബാര്‍ കോഴ കേസ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്നതിനുപുറമെ പൂഞ്ഞാര്‍ മണ്ഡലത്തിലെ ചില പഞ്ചായത്തുകളില്‍ ജോര്‍ജിനുള്ള ശക്തമായ വേരോട്ടവും ഈ രഹസ്യ ധാരണയ്ക്ക് കാരണമായെന്ന വിമര്‍ശനമാണ് ഉയരുന്നത്. തലനാട്, മൂന്നിലവ്, മേലുകാവ്, തലപ്പലം ഭരണങ്ങാനം, കടനാട് എന്നീ പഞ്ചായത്തുകളാണ് ജോര്‍ജിന്റെ ശക്തികേന്ദ്രം. 
 
ധാരണ പ്രകാരം താരതമ്യേന ദുർബലനായ സ്ഥാനാര്‍ത്ഥിയെ കേരളാ കോൺഗ്രസ് (എം) പൂഞ്ഞാറിൽ നിർത്തിയെന്നും ഇതിനു പകരം ജോർജിന് സ്വാധീനമുള്ള പഞ്ചായത്തുകളിൽ കെ എം മാണിക്കു വേണ്ടി വോട്ടുമറിക്കുമെന്നുമാണ് ആരോപണം. എന്നാല്‍, മാണിയും പി സി തോമസും തമ്മിലാണ് തെരഞ്ഞെടുപ്പില്‍ ധാരണ ഉണ്ടാക്കിയതെന്നായിരുന്നു ജോർജിന്റെ പ്രതികരണം. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
 

വെബ്ദുനിയ വായിക്കുക