പാര്‍ട്ടി ഏല്‍പ്പിച്ചത് ഭാരിച്ച ഉത്തരവാദിത്തം; സംസ്ഥാന നേതൃത്വം എതിര്‍ത്തുവെന്ന് വിശ്വസിക്കുന്നില്ലെന്ന് വി എം സുധീരന്‍
തിങ്കള്‍, 10 ഫെബ്രുവരി 2014 (13:16 IST)
PRO
PRO
പാര്‍ട്ടി തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ടെന്ന് നിയുക്ത കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ഭാരിച്ച ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചത്. താന്‍ വരുന്നതിനെ സംസ്ഥാന നേതൃത്വം എതിര്‍ത്തിരുന്നുവെന്ന വാര്‍ത്ത താന്‍ വിശ്വസിക്കുന്നില്ല. അവര്‍ അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ലെന്നു പറഞ്ഞ സുധീരന്‍ അക്കാര്യം പുര്‍ണമായും നിഷേധിക്കാനും തയ്യാറായില്ല.
ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയുമായി നല്ല ബന്ധമാണ് താന്‍ തുടരുന്നത്. പാര്‍ട്ടി പരിഗണിച്ചവര്‍ എല്ലാവരും തന്നെ ഈ പദവിക്ക് സര്‍വഥാ യോഗ്യരാണ്. അവരില്‍ നിന്ന് തന്നെ പാര്‍ട്ടി ദൗത്യമേല്‍പ്പിച്ചതിന്റെ കാരണം അറിയില്ല. താന്‍ വന്നതുകൊണ്ട് വലിയ കാര്യങ്ങളൊന്നും പാര്‍ട്ടിയില്‍ ചെയ്യാനാവില്ല. എന്നാല്‍ എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടുപോകാന്‍ പരമാവധി ശ്രമിക്കുമെന്നും സുധീരന്‍ പറഞ്ഞു.
എല്ലാവരെയും ഒന്നിപ്പിച്ചു കൊണ്ടുപോവുകയാണ് പ്രധാനദൗത്യം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയും മുന്നണിയും മത്സരിക്കുന്ന സീറ്റുകളില്‍ പരമാവധി ഇടങ്ങളില്‍ വിജയിപ്പിക്കാനുള്ള പ്രയത്‌നം നടത്തണം. ഗ്രൂപ്പ് പ്രവര്‍ത്തനം എല്ലാ കാലത്തും പാര്‍ട്ടിയിലുണ്ട്. എന്നാല്‍ ഇത് പാര്‍ട്ടിയെ ബാധിക്കാതെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയണം. പാര്‍ട്ടിനയങ്ങളെ എന്നും ജനപക്ഷത്തിരുന്ന് വിമര്‍ശിച്ചയാളാണ് താന്‍. കെഎസ്‌യു പ്രസിഡന്റായിരുന്ന കാലം മുതല്‍ ഇത് പതിവാണ്.