പാര്‍ട്ടിയില്‍ അച്ചടക്കം ശക്തിപ്പെട്ടെന്നും ഇപ്പോള്‍ പാര്‍ട്ടിയും ഭരണവും തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വര്‍ക്കലയില്‍ നവകേരളാ മാര്‍ച്ചിനോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
പാര്‍ട്ടി നിലപാടുകള്‍ക്കെതിരെ ആരെങ്കിലും നിലകൊള്ളുന്നു എന്ന ശങ്ക ആര്‍ക്കും ഇല്ലാതിരിക്കുന്നതാണ് നല്ലത്. ചിലയാളുകള്‍ക്ക് നവകേരളയാത്രയില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാവാം. എന്നാല്‍ അത്തരമാളുകള്‍ പങ്കെടുക്കില്ലെന്ന് പ്രചരിപ്പിക്കരുത്. ഒരു പി ബി അംഗത്തെ ആക്ഷേപിക്കാന്‍ ശ്രമിക്കരുത്.
വി എസ് അച്യുതാനന്ദന്‍ നവകേരളയാത്രയില്‍ പങ്കെടുക്കുമോ എന്ന കാര്യം ബുധനാഴ്ച കഴിഞ്ഞ് പറയാം. അദ്ദേഹം പങ്കെടുക്കുമോ ഇല്ലയോ എന്ന് നമുക്ക് നോക്കാം, സമയമുണ്ടല്ലോ. വി എസിന്‍റെ പങ്കാളിത്തത്തെക്കുറിച്ച് ഇപ്പോള്‍ ആരും ആശങ്കപ്പെടേണ്ടതില്ല.
പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തുടങ്ങിയതാണ് വി എസിന്‍റെ രാഷ്ട്രീയ ജീവിതം. അദ്ദേഹത്തെപ്പോലെ ഒരാളെ സംശയിക്കുന്നത് തെറ്റാണ്. ഭരണഘടനാ പരമായ ചുമതല നിറവേറ്റുമെന്ന് വി എസ് പറഞ്ഞതില്‍ തെറ്റുകാണാന്‍ കഴിയില്ല. ലാവ്‌ലിന്‍ കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്ന് പാര്‍ട്ടി നേരത്തേ പറഞ്ഞിട്ടുണ്ട്. അതില്‍ ഉറച്ചു നില്‍ക്കും - പിണറായി വ്യക്തമാക്കി.
ഉത്സവപ്പറമ്പിലെ ഒരു മരണം മുന്‍നിര്‍ത്തി പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്‌ടി രാഷ്ട്രീയം കളിയ്ക്കുകയാണെന്നും പിണറായി വിജയന്‍ ആരോപിച്ചു. സജീവപ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് യു ഡി എഫ് സംഘര്‍ഷമുണ്‌ടാക്കാന്‍ ശ്രമിക്കുന്നത്. നവകേരള മാര്‍ച്ചിന്‍റെ ഭാഗമായി നടന്ന അക്രമത്തില്‍ യുവാവ് മരിച്ചുവെന്നാണ് യു ഡി എഫ് ആദ്യം പ്രചരിപ്പിച്ചത്. എന്നാല്‍ ഇത് ഉത്സവവുമായി ബന്ധപ്പെട്ട അക്രമമായിരുന്നുവെന്ന് പിന്നീട് ബോധ്യമായി - പിണറായി വ്യക്തമാക്കി.