പാതിരാമണല്‍ ദ്വീപ്‌ മണല്‍ മാഫിയ കൈയേറി

തിങ്കള്‍, 11 മാര്‍ച്ച് 2013 (14:35 IST)
PRO
PRO
ടൂറിസ്റ്റുകളുടെ ആകര്‍ഷണ കേന്ദ്രമായ പാതിരാമണല്‍ ദ്വീപ്‌ മണല്‍ മാഫിയ കൈയേറി. ദിവസവും ലോഡുകണക്കിന്‌ മണലാണ്‌ മാഫിയകള്‍ ഇവിടെനിന്ന്‌ കടത്തുന്നത്‌. രാത്രികാലങ്ങളില്‍ ദ്വീപിന്‌ ചുറ്റുമായി 50 മുതല്‍ 100 വരെ വലിയ വള്ളങ്ങളില്‍ യന്ത്രം ഉപയോഗിച്ച്‌ മണല്‍ നിറച്ച്‌ ബോട്ടില്‍ കടത്തുകയാണ്. ഈ സാഹചര്യത്തില്‍ അതിവിദൂരമല്ലാതെ പാതിരാമണല്‍ ദ്വീപ്‌ തന്നെ ഓര്‍മയായി മാറാനാണ്‌ സാധ്യത.

ഏതാനും നാള്‍ മുന്‍പ്‌ മുഹമ്മ പഞ്ചായത്തംഗങ്ങള്‍ ദ്വീപ്‌ സന്ദര്‍ശിച്ചപ്പോള്‍ ദ്വീപിന്‌ ചുറ്റും ആഴത്തില്‍ മണലൂറ്റ്‌ നടക്കുന്നതായി ബോധ്യപ്പെട്ടിരുന്നു. പാതിരാമണലിന്‌ തെക്കുവശത്തെ മണല്‍ത്തിട്ട പൂര്‍ണമായും അപ്രത്യക്ഷമായി. പുതുതായി തീര്‍ത്ത കരിങ്കല്‍ പാതയുടെ സ്ലാബുകളും മോഷണംപോയി. ഇതിനിടെ മണല്‍ക്കടത്തുകാരെ പിടിക്കാന്‍ മുഹമ്മ പോ‍ലീസ്‌ ഉപയോഗിച്ചിരുന്ന സ്‌പീഡ്‌ ലോഞ്ച്‌ ബോട്ട്‌ കേടായതിലും ദുരൂഹതയേറെയാണ്‌.

ഫോറസ്റ്റ്‌ ഗാര്‍ഡുകള്‍ക്കും സ്പീഡ്‌ ലോഞ്ച്‌ ഉണ്ടെങ്കിലും അവര്‍ രാത്രികാലങ്ങളില്‍ പരിശോധന നടത്താറില്ല. രാത്രിയില്‍ തങ്ങള്‍ക്ക്‌ ഡ്യൂട്ടിയില്ലെന്നാണ്‌ അവരുടെ ഭാഷ്യം. പൊലീസും വനം വകുപ്പും മറ്റ്‌ അധികൃതരും മണല്‍ മാഫിയയെ സഹായിക്കുകയാണെന്ന്‌ ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌. ഏതാനും നാള്‍ മുന്‍പ്‌ ഇവിടെനിന്നു മണല്‍ കടത്തിയ തൊഴിലാളികളെ പോലീസ്‌ പിടികൂടിയെങ്കിലും ഇവരെ സഹായിക്കുന്നതിനായി പ്രമുഖനായ ഒരു എംഎല്‍എയാണ്‌ ഇടപെട്ടത്‌.

ദിവസേന ആയിരത്തോളം വിനോദസഞ്ചാരികള്‍ വരുന്ന പാതിരാമണലില്‍ വിനോദസഞ്ചാരികള്‍ക്ക്‌ ആവശ്യമായ പ്രാ‍ഥമിക സൗകര്യങ്ങളും കരിക്ക്‌ പാര്‍ലറുകളും മറ്റും തുടങ്ങാനും ജെട്ടികള്‍ നവീകരിക്കാനും സര്‍ക്കാര്‍ സഹായത്തോടെ പദ്ധതി ആവിഷ്ക്കരിക്കും.

വെബ്ദുനിയ വായിക്കുക