പാഠപുസ്തകം പിന്‍‌വലിക്കണം - മുസ്ലിംസംഘടനകള്‍

വ്യാഴം, 19 ജൂണ്‍ 2008 (16:37 IST)
ഏഴാംക്ലാസിലെ പാഠപുസ്‌തകം പിന്‍വലിക്കണമെന്ന്‌ കോഴിക്കോട്‌ ചേര്‍ന്ന മുസ്‌ലീം സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച്‌ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു.

മുസ്‌ലീം ലീഗ്‌ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളാണ് യോഗം വിളിച്ചു ചേര്‍ത്തത്. വിവിധ മുസ്ലീം സംഘടനകള്‍ വിവാദമായ പാ‍ഠഭാഗങ്ങള്‍ പിന്‍‌വലിക്കണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. നിവേദനത്തിന് പരിഹാരം ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.

ഈ വിഷയത്തില്‍ മറ്റ് സമുദായ സംഘടനകളുടെ ഏകോപനം ഉണ്ടാക്കാനും യോഗം തീരുമാനിച്ചു. സുന്നി വിഭാഗങ്ങള്‍, മുജാഹിദിലെ രണ്ട് വിഭാഗങ്ങള്‍, ജമാ അത്തെ ഇസ്ലാമി തുടങ്ങി സംസ്ഥാനത്തെ പ്രമുഖ മുസ്ലീം സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

മുസ്ലീം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, അബ്ദുള്‍ സമദ് സമദാനി, നാലകത്ത് സൂപ്പി തുടങ്ങിയവരും യോഗത്തിനെത്തി. മത വിരുദ്ധ പാഠപുസ്തകങ്ങള്‍ പിന്‍‌വലിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജമാ അത്തെ ഉലുമയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.

വെബ്ദുനിയ വായിക്കുക