ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ കൊച്ചിയില്‍ എത്തി. ശ്രേഷ്ഠ കാതോലിക്ക തോമസ് പ്രഥമനും മെത്രാപ്പോലീത്തമാരും മുഖ്യമന്ത്രിയും മന്ത്രിമാരുടെ സംഘവും ചേര്‍ന്ന് ബാവയെ സ്വീകരിച്ചു. രാവിലെ എട്ടുമണിക്കാണ് ഭാരതസന്ദര്‍ശനത്തിനായി ബാവ നെടുമ്പാശ്ശേരിയില്‍ എത്തിയത്. സംസ്ഥാനത്തിന്റെ അതിഥിയാണ് ബാവ.
ഞായറാഴ്ച വൈകുന്നേരം കോട്ടയം നെഹ്‌റു സ്റ്റേഡിയത്തില്‍ ബാവയ്ക്ക് വിപുലമായ സ്വീകരണം നല്‍കും. മുഖ്യമന്ത്രിയടക്കമുള്ള പ്രമുഖര്‍ സംബന്ധിക്കും. തുടര്‍ന്ന് ബാവയുടെ ബഹുമാനാര്‍ത്ഥം നാട്ടകം ഗസ്റ്റ് ഹൗസില്‍ സര്‍ക്കാര്‍ അത്താഴവിരുന്ന് ഒരുക്കും. പാത്രിയര്‍ക്കീസ് ബാവയായി അവരോധിക്കപ്പെട്ടശേഷം ആദ്യമായാണ് അദ്ദേഹം ഭാരതത്തിലെത്തുന്നത്.
ഫെബ്രുവരി 16 വരെ ബാവ കേരളത്തില്‍ ഉണ്ടാകും. 16ന് വൈകുന്നേരം ചെന്നൈയ്ക്ക് തിരിക്കുന്ന ബാവ 17ന് ഡല്‍ഹിയിലെത്തും. രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോഡി, സോണിയ ഗാന്ധി എന്നിവരെ കണ്ട് 19ന് ലബനനിലേക്ക് മടങ്ങും.