പരിപ്പ് പയറു വർഗങ്ങളെല്ലാം ഡബിൾ സെഞ്ച്വറി അടിച്ചു തുടങ്ങി, തക്കാളിയൊക്കെ കടകളില്‍ ലോക്കറിലാണ് സൂക്ഷിക്കുന്നത്: സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഡ്വ. ടി സിദ്ദിഖ്
അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നതിനു സര്‍ക്കാരിനെ വിമര്‍ശിച്ച് അഡ്വ. ടി സിദ്ദിഖിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വീഡിയോ. രണ്ട് ദിവസം കൊണ്ട് കേരളത്തില്‍ അവശ്യസാധനങ്ങളുടെ വിലനിലവാരം പിടിച്ചു നിര്‍ത്തുമെന്ന്‍ പറഞ്ഞാണ് ഈ സര്‍ക്കാര്‍ അധികാരത്തിലെതിയത്. എന്നാല്‍ അധികാരത്തിലെത്തിയതിനു ശേഷം പച്ചക്കറി ഉള്‍പ്പടെയുള്ള വസ്തുക്കളുടെ വില കുതിച്ചുയരുകയാണ്. ഇത് ഈ സര്‍ക്കാരിന്റെ ദയനീയമായ പരാജയമാണെന്നും സിദ്ധിഖ് കുറ്റപ്പെടുത്തുന്നു.
ഉല്‍പ്പാദന മേഖലയില്‍ നിന്ന് നേരിട്ട് തക്കാളി അടക്കമുള്ള പച്ചക്കറികള്‍ വാങ്ങി ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ഈ സര്‍ക്കാര്‍ ഇനിയെങ്കിലും നടപടി സ്വീകരിക്കുമെന്ന് കരുതുന്നുയെന്ന് പറഞ്ഞാണ് സിദ്ദിഖിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
ടി സിദ്ദിഖിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
കേരളത്തിൽ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. തിരഞ്ഞെടുപ്പിന് മുമ്പും അതിന്നു ശേഷവും നാം താരതമ്യം ചെയ്താൽ ഇപ്പോൾ വില പണക്കാരന് പോലും താങ്ങാൻ പറ്റാത്ത അവസ്ഥയിലെത്തിയിരിക്കുന്നു. എന്നാൽ വിലക്കയറ്റം സഹിക്കാൻ പറ്റാതെ പൊറുതി മുട്ടുന്ന ജനങ്ങളോട് തമിഴ്നാട്ടിലും കർണാടകയിലും വൻ വിലയാണ് എന്ന ന്യായീകരണമൊക്കെ പറഞ്ഞ് സർക്കാർ തടിതപ്പാൻ നോക്കുകയാണ്. പച്ചക്കറി വിഭാഗത്തിൽ ഓരോ സാധനങ്ങളും സെഞ്ചുറി അടിക്കാനുള്ള ശ്രമത്തിലാണ്. തക്കാളിയൊക്കെ കടകളിൽ ലോക്കറിലാണ് സൂക്ഷിക്കുന്നത്. എന്നാൽ തമിഴ്നാട്ടിലും കർണാടകയിലും സർക്കാർ പറയുന്ന വിലയില്ല. 18 രൂപയ്ക്ക് വരെ ലഭ്യം.
പരിപ്പ് പയറു വർഗങ്ങൾ ഡബിൾ സെഞ്ച്വുറി അടിച്ചു തുടങ്ങി. എല്ലാം ശരിയാക്കാം എന്ന് പറഞ്ഞിട്ട് പാവപ്പെട്ടവർ പ്രതീക്ഷയോടെ വോട്ടു ചെയ്തു. എന്നിട്ടിപ്പോൾ "അവർക്ക് ചെയ്ഞ്ച് വേണമെത്രെ" എന്ന സലിം കുമാറിന്റെ ഡയലോഗ് കൊണ്ട് വോട്ടർമാർ പരിഹസിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. അധികാരം കിട്ടും വരെ ജൈവ പച്ചക്കറി ജൈവ പച്ചക്കറി എന്ന് പറഞ്ഞു നടന്നവരെയും കാണാനില്ല. ഞാനിന്ന് ഗുണ്ടൽപേട്ടിൽ നിന്ന് വാങ്ങിയ തക്കാളിയാണ് താഴെ വീഡിയോയിൽ കാണുന്നത്. എനിക്ക് സർക്കാറിനോട് ചിലത് പറയാനുണ്ട്.