പനി വിട്ടൊഴിയാതെ സംസ്ഥാനം; ഡെങ്കിപ്പനി ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു, മലബാറില്‍ പനിബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്

വെള്ളി, 16 ജൂണ്‍ 2017 (11:03 IST)
സംസ്ഥാനത്ത് പകർച്ച വ്യാധികളും പനിയും പടർന്നു പിടിക്കുന്നതിനിടെ ഇന്ന് രണ്ട് മരണം കൂടി. തിരുവനന്തപുരം കാട്ടാക്കാട് പന്നിയോട് സ്വദേശി രമേശ് റാം (38), വള്ളക്കടവ് സ്വദേശി നിസാര്‍(24) എന്നിവരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ഇതോടെ കേരളത്തില്‍ പനി ബാധിച്ച് ഈ മാസം മരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞു. ഡെങ്കിപ്പനി, വൈറല്‍ പനി, എച്ച്1 എന്‍1 തുടങ്ങിയ വിവധ അസുഖങ്ങളാണ് സംസ്ഥാനത്ത് ബാധിച്ചിരിക്കുന്നത്.
 
ഏകദേശം ഒന്നേ മുക്കാല്‍ ലക്ഷത്തോളം ആളുകളാണ് സംസ്ഥാനത്ത് പനി ബാധിച്ച് ഈ മാസം ചികിത്സ തേടിയത്. പനി ബാധിച്ചെത്തുന്നവരുടെ എണ്ണത്തില്‍ തിരുവനന്തപുരമാണ് മുന്നില്‍. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതലുള്ള സംസ്ഥാനത്തെ ത്രിതല ചികിൽസാ കേന്ദ്രങ്ങളിൽ ദിവസവും നൂറുകണക്കിനു രോഗികളാണ് വിവിധ രോഗങ്ങളുമായി എത്തിക്കൊണ്ടിരിക്കുന്നത്. 
 
അതേസമയം, സംസ്ഥാനത്താകമാനം കഴിഞ്ഞ ദിവസം 737 പേരെ പനി ബാധിതരായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതില്‍ 179 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 81 പേർ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരും 18 പേര്‍ കൊല്ലം ജില്ലയിലുള്ളവരുമാണ്. എന്നാല്‍ എറണാകുളം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഇന്നലെ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടില്ല.
 
ആരോഗ്യവകുപ്പ് കൃത്യമായ ഇടപെടലുകള്‍ നടത്തിയിട്ടും മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ചില തദ്ദേശസ്ഥാപനങ്ങള്‍ അലംഭാവം കാണിച്ചെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഇനിയും പനി പടരാന്‍ സാധ്യതയുള്ളതിനാല്‍ ആശുപത്രികളില്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുമെന്നും അവര്‍ പറഞ്ഞു. പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ അവധിയെടുക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. 

വെബ്ദുനിയ വായിക്കുക