സംസ്ഥാനത്ത് പനി പടര്‍ന്നു പിടിക്കുന്നതിനിടയില്‍ പകര്‍ച്ചപ്പനി ചികില്‍സയെ സംബന്ധിച്ചുള്ള ശാസ്ത്രീയാടിത്തറയില്ലാത്ത പ്രചാരണങ്ങള്‍ നിലവിലെ സ്ഥിതി വഷളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പുനല്‍കി. അത്തരം പ്രചാരണങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. സമൂഹത്തിന്‍റെ വിവിധ മേഖലയിലുള്ളവര്‍ ഈ മാസം 27 മുതല്‍ മൂന്നു ദിവസം നടക്കുന്ന ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാമെന്നും പിണറായി വിജയന്‍ അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് പനി ബാധിച്ച് എട്ടുപേര്‍ കൂടി മരിച്ചു. മരിച്ചവരില്‍ പതിനൊന്ന് മാസം പ്രായമായ പിഞ്ചുകുഞ്ഞും ഉള്‍പ്പെടുന്നു. പുതിയതായി നൂറ്റിയെണ്‍പതോളം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ആറുപേര്‍ക്കാണ് എച്ച് 1എന്‍ 1 സ്ഥിരീകരിച്ചിരിക്കുന്നത്.
ഇന്ന് മരിച്ചവരില്‍ രണ്ടുപേര്‍ തൃശൂര്‍ സ്വദേശികളാണ്. തൃശൂര്‍ ചേലക്കര പക്കാലപ്പറമ്പില്‍ സുജാത, തൃശൂര്‍ കുരിയച്ചിറ തെങ്ങുംതോട്ടത്തില്‍ ബിനിത ബിജു എന്നിവരാണ് മരിച്ചത്. ഒല്ലൂര്‍ ചക്കാലമുറ്റം വല്‍സ ജോസും വെള്ളിയാഴ്ച മരിച്ചു. പാലക്കാട് ആലത്തൂര്‍ ചണ്ടക്കാട് കോതക്കുളം വീട്ടില്‍ സഫര്‍ അലി – നജ്‌ല ദമ്പതികളുടെ മകന്‍ മുഹമ്മദ് സഫ്‌വാനാണ് മരിച്ച പതിനൊന്നുമാസക്കാരന്‍.
കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശി സോമന്‍, ഇടുക്കി കുടയത്തൂര്‍ ശരംകുത്തിയില്‍ സന്ധ്യ രഘു എന്നിവരും വെള്ളിയാഴ്ച മരിച്ചു. കോട്ടയം നീണ്ടൂര്‍ സ്വദേശി ഗീത, മാവേലിക്കര കുറത്തികാട് സ്വദേശി സുബിന്‍ എന്നിവരും മരിച്ചു.