പദ്ധതിയിട്ടത് ജോസഫിനെ വധിക്കാന്‍

തിങ്കള്‍, 30 ഓഗസ്റ്റ് 2010 (19:08 IST)
PRO
ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് തൊടുപുഴ ന്യൂമാന്‍സ് കോളജ് അധ്യാപകന്‍ ടി ജെ ജോസഫിനെ വധിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നതെന്ന്‌ കൈവെട്ട് കേസില്‍ പിടിയിലായ കെ കെ അലി. ചോദ്യപേപ്പര്‍ വിവാദത്തെതുടര്‍ന്ന് ടി ജെ ജോസഫ് ഒളിവില്‍ പോയ സമയത്ത് അദ്ദേഹത്തിന്‍റെ വീട് കത്തിക്കാന്‍ പദ്ധതിയിട്ടിരുന്നതായും അലി പൊലീസിനോട് വെളിപ്പെടുത്തി. അലിയെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കോതമംഗലം കോടതിയില്‍ പോലീസ്‌ സമര്‍പ്പിച്ച റിമാന്‍ഡ്‌ റിപ്പോര്‍ട്ടിലാണ്‌ ഈ വിവരം.

ചോദ്യപ്പേപ്പറിലെ വിവാദസംഭവം ഇനിയും ആവര്‍ത്തിക്കാന്‍ പാടില്ലെന്നും എല്ലാവര്‍ക്കും ഇതൊരു പാഠമാകണമെന്നുമുളള ഉദ്ദേശ്യത്തോടെയാണ്‌ ജോസഫിനെ വധിക്കാന്‍ തീരുമാനിച്ചതെന്ന്‌ അലി പോലീസിനോട്‌ പറഞ്ഞു. ജോസഫിനെ വധിക്കാനായി ഒരിക്കല്‍ വീട്ടില്‍ പോയിരുന്നു. എന്നാല്‍ അന്ന്‌ ജോസഫ്‌ വീട്ടില്‍ ഉണ്ടായിരുന്നില്ല. പിന്നീട്‌ വീട്‌ കത്തിച്ച്‌ ജോസഫിനെ അതിനുള്ളിലിട്ട്‌ കൊല്ലാനും ശ്രമം നടത്തി. എന്നാല്‍ വീട്ടില്‍ മറ്റാരൊക്കെയോ ഉണ്ടായിരുന്നതിനാല്‍ ഈ ശ്രമവും പാളി.

തുടര്‍ന്നാണ്‌ കൈ വെട്ടിയ സംഭവം അരങ്ങേറിയത്‌. ജോസഫിനെ ആക്രമിക്കണമെന്ന്‌ തന്നോട്‌ പറഞ്ഞത്‌ യൂനിസാണെന്നും ഇയാള്‍ പോലീസിനോട്‌ പറഞ്ഞു. നാസറാണ്‌ കൃത്യത്തിനുള്ള സാമ്പത്തിക സഹായം നല്‍കിയത്‌. വാഹനം വാങ്ങുന്നതിന്‌ ഒരു ലക്ഷം രൂപ നല്‍കിയതും നാസറായിരുന്നു. മൂവാറ്റുപുഴ ടിബിയിലാണ്‌ ഇത്‌ സംബന്ധിച്ച ഗൂഢാലോചന നടത്തിയതെന്നും അലി അന്വേഷണ ഉദ്യോഗസ്ഥരോട്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌.

കോടതിയില്‍ ഹാജരാക്കിയ അലിയെ പത്ത്‌ ദിവസത്തേക്ക്‌ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി. മൂവാറ്റുപുഴയിലെ പോപ്പുലര്‍ ഫ്രണ്ട്‌ ഡിവിഷനാണ്‌ ആക്രമണം ആസൂത്രണം ചെയ്തതെന്നും അലി പറഞ്ഞിട്ടുണ്ട്‌. കേസിലെ പ്രധാന പ്രതിയായ അലിയെ ഇന്ന്‌ പുലര്‍ച്ചെ പൊള്ളാച്ചിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

വെബ്ദുനിയ വായിക്കുക