പട്ടിക തയ്യാറാക്കിയ ‘ഞങ്ങള്‍’ ആരൊക്കെയാണെന്ന് മണി വ്യക്തമാക്കണം: തങ്കച്ചന്‍

തിങ്കള്‍, 28 മെയ് 2012 (16:00 IST)
PRO
PRO
രാഷ്ട്രീയപ്രതിയോഗികളെ ഞങ്ങള്‍ പട്ടിക തയ്യാറാക്കി വകവരുത്തിയെന്ന് പറഞ്ഞ എം എം മണി, ആ ‘ഞങ്ങള്‍’ ആരാണെന്ന് വ്യക്തമാക്കണമെന്ന് യു ഡി എഫ് കണ്‍‌വീനര്‍ പി പി തങ്കച്ചന്‍ ആവശ്യപ്പെട്ടു. അന്നത്തെ സി പി എമ്മിന്റെ സംസ്‌ഥാന നേതൃത്വമാണോ ജില്ലാ നേതൃത്വമാണോ സംഭവത്തിന് പിന്നില്‍ എന്നാണ്‌ അറിയേണ്ടത്‌. കൊലപാതകങ്ങളെക്കുറിച്ച്‌ മണി നടത്തിയ പരാമര്‍ശം സി പി എമ്മിലെ രണ്ടു മുതിര്‍ന്ന നേതാക്കളും തള്ളിക്കളഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണെന്നും തങ്കച്ചന്‍ ചൂണ്ടിക്കാട്ടി.

കൊല്ലപ്പെടേണ്ട പതിമൂന്നു പേരുടെ ലിസ്റ്റ് തയ്യാറാക്കിയിരുന്നു എന്നാണ്‌ മണി വെളിപ്പെടുത്തിയത്‌. ഇതില്‍ നാലു പേരെയാണ് കൊലപ്പെടുത്തിയത്. കൊലപാതകം കലയാക്കി മാറ്റിയ സി പി എം നയിക്കുന്ന മുന്നണിയില്‍ തുടര്‍ന്നു പ്രവര്‍ത്തിക്കണോ എന്ന്‌ മറ്റ്‌ ഘടകകക്ഷികള്‍ ചിന്തിക്കണം. കൊലപാതക രാഷ്‌ട്രീയത്തെ എതിര്‍ക്കുന്ന ഘടകകക്ഷികള്‍ നിലപാട്‌ വ്യക്‌തമാക്കണമെന്നും തങ്കച്ചന്‍ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ്‌ കമ്മീഷനില്‍ രജിസ്‌ട്രര്‍ ചെയ്യുമ്പോള്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ രാജ്യത്തെ ഭരണഘടനയ്‌ക്ക് വിധേയമായി പ്രവര്‍ത്തിക്കാമെന്ന്‌ ഉറപ്പുനല്‍കുന്നുണ്ട്‌. കൊലപാതക രാഷ്‌ട്രീയത്തിലൂടെ സി പി എം ഈ വ്യവസ്‌ഥയുടെ ലംഘനമാണ്‌ നടത്തിയിരിക്കുന്നതെന്നും തങ്കച്ചന്‍ ആരോപിച്ചു.

വെബ്ദുനിയ വായിക്കുക