പച്ച തമിഴനാണെന്ന് സ്വയം പറഞ്ഞാല്‍ തമിഴനാകില്ല; സ്റ്റൈല്‍ മന്നന്റെ രാഷ്ട്രീയ പ്രവേശന നീക്കത്തിനെതിരെ പ്രതിഷേധം കനക്കുന്നു

വെള്ളി, 26 മെയ് 2017 (08:00 IST)
രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന നീക്കത്തിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം കനക്കുന്നു. കര്‍ണാടകക്കാരനായ രജനികാന്ത് തമിഴ് രാഷ്ട്രീയത്തിലേയ്ക്ക് കടന്നുവരേണ്ട കാര്യമില്ലെന്ന് നാം തമിഴര്‍ കക്ഷി നേതാവ് സീമാന്‍ വ്യക്തമാക്കി. രജനിയുടെ തമിഴ് രാഷ്ട്രീയത്തിലേയ്ക്ക് കടന്നുവരവിനെതിരെ തമിഴര്‍ മുന്നേറ്റ പട പ്രതിഷേധവുമായി എത്തിയതിന് പിന്നാലെയാണ് ഇവരോട് യോജിച്ച് നാം തമിഴര്‍ കക്ഷിയും രംഗത്തെത്തിയത്. 
 
നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തിയ നാം തമിഴര്‍ കക്ഷി നേതാവ് സീമാന്‍, കര്‍ണാടകയില്‍ നിന്ന് മുഖ്യമന്ത്രിയെ സ്വീകരിയ്ക്കേണ്ട ഗതികേട് തമിഴ്നാടിനില്ലെന്ന് തുറന്നടിച്ചു. പച്ച തമിഴനാണെന്ന് സ്വയം പറയുന്ന ആരും തമിഴനാകില്ല. കര്‍ണാടകക്കാരും മലയാളികളും ആന്ധ്രക്കാരും കുറേ കാലം ഭരിച്ചു. ഇനി അത് അനുവദിക്കാന്‍ കഴിയില്ലെന്നും സീമാന്‍ വ്യക്തമാക്കി. 
 
രജനിയെക്കിതിരെ കടുത്ത വിമര്‍ശനവുമായി അണ്ണാ ‍ഡിഎംകെ മന്ത്രി സെല്ലൂര്‍ കെ. രാജുവീണ്ടും രംഗത്തെത്തി. നിത്യേന വാക്കുകള്‍ മാറ്റി പറയുന്ന രജനി വ്യക്തമായ നിലപാടില്ലാത്ത ആവ്യക്തിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം തനിയ്ക്കെതിരെ പ്രതിഷേധവുമായി എത്തുന്നവര്‍ക്കെതിരെ രംഗത്തിറങ്ങരുതെന്ന് ആരാധകരോട് രജനികാന്ത് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക