നിസാമിനെ പുറത്തിറങ്ങാന്‍ അനുവദിക്കരുതെന്ന് ബന്ധുക്കള്‍; നിസാമിനെതിരെ കാപ്പ ചുമത്തുമെന്ന് ആഭ്യന്തരമന്ത്രി

ചൊവ്വ, 24 ഫെബ്രുവരി 2015 (08:09 IST)
വിവാദവ്യവസായി മുഹമ്മദ് നിസാമിനെ ഒരിക്കലും പുറത്തിറങ്ങാന്‍ അനുവദിക്കരുതെന്ന് ചന്ദ്രബോസിന്റെ ബന്ധുക്കള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടു. ചന്ദ്രബോസിന്റെ വീട് സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ ആണ് ബന്ധുക്കള്‍ ആഭ്യന്തരമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. 
 
അതേസമയം, വിവാദവ്യവസായി നിസാമിനെതിരെ കാപ്പ നിയമം ചുമത്തുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. യാതൊരുവിധ രാഷ്‌ട്രീയ ഇടപെടലുകളും ഈ കേസില്‍ ഉണ്ടാകാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിറ്റി പൊലീസ് കമ്മീഷണര്‍ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തെ ഒരിക്കലും മാറ്റില്ലെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
 
കേസിന്റെ വിചാരണയ്ക്ക് ചന്ദ്രബോസിന്റെ കുടുംബത്തിന് താല്പര്യമുള്ള സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാമെന്നും മന്ത്രി അറിയിച്ചു. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. 
 
അതേസമയം, സിറ്റി പോലീസ് കമ്മീഷണര്‍ നിശാന്തിനിയുടെ അന്വേഷണത്തില്‍ പൂര്‍ണ്ണവിശ്വാസം പ്രകടിപ്പിച്ച ബന്ധുക്കള്‍ പേരാമംഗലം സ്റ്റേഷനിലെ പോലീസുകാരില്‍ അവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക