നിര്‍മാതാവിന്റെ ഭാര്യയായ നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ വാഹനം കണ്ടെടുത്തു

ശനി, 22 ജൂലൈ 2017 (14:19 IST)
2011ല്‍ നിര്‍മാതാവിന്റെ ഭാര്യയായ നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ വാഹനം പൊലീസ് കണ്ടെടുത്തു. കൊച്ചിയില്‍ പനങ്ങാടിന് സമീപത്തുനിന്നാണ് വാഹനം കണ്ടെടുത്തത്. സംഭവത്തേ തുടര്‍ന്ന് പ്രതികളുമായി പൊലീസ് ഇവിടെ തെളിവെടുപ്പ് നടത്തി. 
 
വാഹനം കോയമ്പത്തൂരിലേക്ക് കടത്തിയെന്നായിരുന്നു നേരത്തേ പ്രതികൾ പൊലീസിനോടു പറഞ്ഞിരുന്നത്. സംഭവത്തിലെ മുഴുവൻ പ്രതികളും പൊലീസ് പിടിയിലായിട്ടുണ്ട്.  വാഹനത്തിന്റെ ഡ്രൈവറും ഹോട്ടൽ പ്രതിനിധി എന്ന വ്യാജേന നിർമാതാവ് ജോണി സാഗരികയെ സമീപിച്ചയാളുൾപ്പെടെയുള്ളവരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്.
 
 കൊച്ചിയി യുവനടി ആക്രമിക്കപ്പെട്ട സംഭവത്തേ തുടര്‍ന്നാണ് മുഖ്യപ്രതി പള്‍സര്‍ സുനി ഇതിന് മുന്‍പ് നടത്തിയ ആക്രമത്തിന്റെ ചുരുള്‍ അഴിഞ്ഞത്. കൊച്ചിയിൽ സിനിമാ ചിത്രീകരണത്തിനെത്തിയ നടിയെ 2011ൽ പൾസർ സുനിയുടെ നിർദേശ പ്രകാരം വാനിൽ കയറ്റി‌യ സംഘം തട്ടിക്കൊണ്ടുപോകാനായി നഗരത്തിലൂടെ ചുറ്റിക്കറക്കിയെന്നാണ് വിവരം. എന്നാല്‍ യുവസംവിധായകന്റെ ഭാര്യയായ നടിക്കുവേണ്ടി സുനിലും സംഘവും ഒരുക്കിയ കെണിയിൽ കുടുങ്ങിയത് നിർമാതാവിന്റെ ഭാര്യയാണെന്നാണ് സൂചന. 

വെബ്ദുനിയ വായിക്കുക