നിയമസഭ താത്ക്കാലികമായി പിരിഞ്ഞു

തിങ്കള്‍, 24 ജൂണ്‍ 2013 (13:19 IST)
PRO
സംസ്ഥാന നിയമസഭയുടെ വര്‍ഷകാല സമ്മേളനം തത്ക്കാലത്തേക്ക് പിരിയുന്നു. ജൂലൈ എട്ടിനു മാത്രമേ ഇനി സഭ ചേരുകയുള്ളു. സോളാര്‍ തട്ടിപ്പുകേസും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണവും സഭയെ പ്രക്ഷുബ്ദമാക്കുന്നതും തുടര്‍ച്ചയായി തടസ്സപ്പെടുന്നതുമാണ് തത്ക്കാലത്തേക്ക് സമ്മേളന കാലയളവ് വെട്ടിച്ചുരുക്കാന്‍ കാരണം. രണ്ടാഴ്ചത്തേക്ക് സഭ ഇനി ചേരില്ല. ജൂലൈ എട്ടിന് സഭ വീണ്ടും ചേരാനാണ് തീരുമാനം.

ഇതോടെ, ഭരണപക്ഷത്തിനെതിരായ ശക്തമായ പ്രക്ഷോഭത്തിനുള്ള അവസരം പ്രതിപക്ഷത്തിന് നഷ്ടമാകുകയാണ്. മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ പോലും വി എസ് പരാമര്‍ശം നടത്തിയ സാഹചര്യത്തില്‍ സഭ നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന നിലപാടിലേക്ക് യു ഡി എഫ് എത്തുകയാണ്.

അതേസമയം, നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാനുള്ള തീരുമാനം ഭരണപക്ഷത്തിനും തിരിച്ചടിയാകും. ജോസ് തെറ്റയിലിനെതിരായ ആരോപണം പ്രതിപക്ഷത്തിനെതിരായ ആയുധമാക്കി മാറ്റാന്‍ സഭയില്‍ യു ഡി എഫിന് കഴിഞ്ഞിട്ടില്ല.

നിയമസഭാ സമ്മേളനം നേരത്തേ പിരിയുന്നത് പ്രതിപക്ഷ നിസഹകരണം മൂലമാണെന്ന് ആരോപണം ഉന്നയിക്കാനുള്ള സാഹചര്യമാണ് ഭരണപക്ഷത്തിന് ലഭിക്കുന്നത്.

വെബ്ദുനിയ വായിക്കുക