നിയമനത്തട്ടിപ്പ്: അജിത്ത് കീഴടങ്ങി

Webdunia
തിങ്കള്‍, 13 ഡിസം‌ബര്‍ 2010 (16:23 IST)
സര്‍ക്കാര്‍ നിയമനത്തട്ടിപ്പില്‍ ഒരു പ്രതി കൂടി കീഴടങ്ങി. അഞ്ചല്‍ സ്വദേശി അജിത്ത് ആണ് പത്തനംതിട്ട ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതിയില്‍ കീഴടങ്ങിയത്. അജിത്തിനെ 16 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

നിയമനത്തട്ടിപ്പില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്നാണ് അജയിനെതിരെയുള്ള കേസ്. പുനലൂര്‍ കോടതിയില്‍ ശബരീനാഥും കണ്ണനും കീഴടങ്ങിയതിനു പിന്നാലെയാണ് അജിത്തിന്റെ കീഴടങ്ങല്‍. ശബരീനാഥും കണ്ണനും പുനലൂര്‍ ജുഡീഷ്യല്‍ മജിസ്ട്രറ്റിന്‌ മുന്‍പാകെ അഡ്വ ജി അനില്‍കുമാറിന്റെ സഹായത്തോടെയായിരുന്നു കീഴടങ്ങിയത്‍. ഇവരെ പിന്നീട് കൊട്ടാരക്കര സബ്ജയിലേക്ക് മാറ്റി.

അതിനിടെ വ്യാജ നിയമനത്തട്ടിപ്പില്‍ ചന്ദ്രചൂഡന്‍ നായര്‍, രവി എന്നിവര്‍ക്കു പുറമെ മലപ്പുറം സ്വദേശി റഹ്‌മാന്‍ എന്ന മറ്റൊരു ഏജന്റുകൂടി ഉള്‍പ്പെട്ടിരുന്നതായി സൂചന. ബത്തേരി ബീനാച്ചി കറുത്തേടത്ത്‌ കെ വി ഷംസീറയ്ക്ക്‌ ജോലി തരപ്പെടുത്തുന്നതിനുള്ള ഏജന്റായി പ്രവര്‍ത്തിച്ചത്‌ ഇയാളായിരുന്നു. ഒളിവില്‍പോയ റഹ്‌മാനുവേണ്ടി പൊലീസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കിട്ടുണ്ട്. കഴിഞ്ഞ ദിവസം കീഴടങ്ങിയ ജെ പിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ്‌ പുതിയ വിവരം പുറത്തുവന്നത്‌.