നവോദയ അപ്പച്ചന്‍ അന്തരിച്ചു

തിങ്കള്‍, 23 ഏപ്രില്‍ 2012 (20:55 IST)
PRO
മലയാള സിനിമയിലെ അതികായന്‍ നവോദയ അപ്പച്ചന്‍(88) അന്തരിച്ചു. തിങ്കളാഴ്ച വൈകുന്നേരം 6.40ന് കൊച്ചിയിലെ ലേക്‍ഷോര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണം ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്ത്യന്‍ സിനിമയിലെ പല ആദ്യ സംരംഭങ്ങളുടെയും ഉടമയായിരുന്നു നവോദയ അപ്പച്ചന്‍ എന്ന മളിയം‌പുരയ്ക്കല്‍ ചാക്കോ പുന്നൂസ്.

ഉദയാ, നവോദയ സ്റ്റുഡിയോകളുടെ ബാനറില്‍ നൂറോളം സിനിമകള്‍ നിര്‍മ്മിച്ചു. ഇന്ത്യയിലെ ആദ്യ ത്രി ഡി ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തന്‍ നിര്‍മ്മിച്ചത് അപ്പച്ചനാണ്. ഇന്ത്യയിലെ ആദ്യ 70എം എം ചിത്രമായ പടയോട്ടം, ദക്ഷിണേന്ത്യയിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം തച്ചോളി അമ്പു എല്ലാം നിര്‍മ്മിച്ചത് അപ്പച്ചനായിരുന്നു.

ഇന്ത്യയിലെ ആദ്യ വാട്ടര്‍ തീം പാര്‍ക്കായ കിഷ്കിന്ധയുടെ സ്ഥാപകനാണ്. മലയാള സിനിമയുടെ പരിണാമഘട്ടങ്ങളിലെ നിറഞ്ഞ സാന്നിധ്യമായിരുന്നു അപ്പച്ചന്‍. മാമാങ്കം, കടത്തനാട്ട് മാക്കം, തച്ചോളി അമ്പു തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു.

ബൈബിളിനെ മിനി സ്ക്രീനില്‍ അവതരിപ്പിക്കാനുള്ള ധൈര്യം കാണിച്ചതും നവോദയ അപ്പച്ചനായിരുന്നു. നവോദയ സ്റ്റുഡിയോയുടെ ചരിത്രം ഇന്ത്യന്‍ സിനിമയുടെ ചരിത്രം കൂടിയാണ് എന്നതാണ് സത്യം.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, ഒന്നുമുതല്‍ പൂജ്യം വരെ, എന്‍റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, ചാണക്യന്‍, അനിയത്തിപ്രാവ്, മണിച്ചിത്രത്താഴ്, അഴകിയ തമിഴ് മകന്‍(തമിഴ്) തുടങ്ങി ഒട്ടേറെ മെഗാഹിറ്റുകള്‍ അദ്ദേഹം സമ്മാനിച്ചു.

1924ല്‍ ആലപ്പുഴയിലാണ് നവോദയ അപ്പച്ചന്‍ ജനിച്ചത്. സഹോദരന്‍ കുഞ്ചാക്കോയോടൊപ്പം ഉദയാ സ്റ്റുഡിയോയുടെ നട്ടെല്ലായി നിന്നു. പിന്നീടാണ് നവോദയ ഉണ്ടാകുന്നത്.

മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് 2011ല്‍ ജെ സി ഡാനിയല്‍ പുരസ്കാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക