കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ പൊലീസ് ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ഡി വൈ എസ് പി വിളിപ്പിച്ചിട്ടാണ് താന്‍ വന്നതെന്ന് ധര്‍മ്മജന്‍ വെളിപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സംവിധായകന്‍ നാദിര്‍ഷയേയും നടന്‍ ദിലീപിനേയും പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ധര്‍മജനേയും വിളിപ്പിച്ചിരിക്കുന്നത്.
നാദിര്‍ഷാ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രത്തില്‍ ധര്‍മജന്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ പള്‍സര്‍ സുനി വന്നിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യലെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപിനേയും നാദിര്‍ഷയേയും വീണ്ടും ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
അതേസമയം, കേസില്‍ ഉള്‍പ്പെട്ട എല്ലാ സ്രാവുകളും രണ്ടു ദിവസത്തിനകം തന്നെ പുറത്ത് വരുമെന്ന് പള്‍സര്‍ സുനി. താനിപ്പോള്‍ ചൂണ്ടയിലാണുള്ളതെന്നും സുനി പറഞ്ഞു. സുനിയെ ചോദ്യം ചെയ്യുന്നതിനും കോയമ്പത്തൂരില്‍ കൊണ്ടുപോയി തെളിവെടുക്കുന്നതിനുമായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സുനിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു.
കാക്കനാട് ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസിലാണ് സുനിയെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്ത് കാക്കനാട് ജില്ലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. പള്‍സര്‍ സുനി ജയിലില്‍ ഫോണ്‍ചെയ്യുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ സുനിയും സഹതടവുകാരനായ ജിന്‍സണുമുണ്ട്. സുനി ഫോണ്‍ ചെയ്യുന്നതിന് സഹതടവുകാര്‍ സാക്ഷിയാണെന്ന കാര്യവും ദൃശ്യങ്ങളില്‍ വ്യക്തമാണ്.