ദൃശ്യമാധ്യമങ്ങള്‍ക്ക് നിയന്ത്രണം അനിവാര്യം: സ്പീക്കര്‍
ബുധന്‍, 18 ഏപ്രില്‍ 2012 (09:50 IST)
PRO
PRO
അച്ചടി മാധ്യമങ്ങള്‍ക്കെന്നപോലെ ദൃശ്യമാധ്യമങ്ങള്‍ക്കും നിയന്ത്രണ സംവിധാനങ്ങള്‍ അനിവാര്യമായിത്തീര്‍ന്നിരിക്കുകയാണെന്ന് സ്പീക്കര്‍ ജി കാര്ത്തികേയന്. രാജ്യത്തെ പിറകോട്ട് നയിക്കുന്ന ആശയങ്ങളെ എതിര്‍ത്തുകൊണ്ട് പുരോഗമനപരമായ പങ്ക് നിറവേറ്റാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങള്‍ സാമൂഹ്യ പ്രശ്നങ്ങളെ ഗൗരവപരമായി കാണുന്നില്ല. ചലച്ചിത്രതാരങ്ങളുടെ ജീവിതവും, ഫാഷന്‍ പരേഡുകളും, ക്രിക്കറ്റുമൊക്കെയാണ് മാധ്യമങ്ങള്‍ നിയന്ത്രണമില്ലാതെ കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വതന്ത്രമാധ്യമ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ഉയര്‍ന്ന നിലവാരമുള്ള മാധ്യമപരിശീലനം അനിവാര്യമാണ്. മൗലികാവകാശങ്ങള്‍ സസ്പെന്‍ഡ് ചെയ്തുകൊണ്ട് ജനാധിപത്യത്തിന് മുന്നോട്ടുപോകാന്‍ കഴിയില്ല. ഏതെങ്കിലും ഒരു സംഭവം ഉണ്ടാകുമ്പോള്‍ കുറ്റക്കാരനാണോ എന്നറിയും മുമ്പ് ഒരാളെ മാധ്യമ വിചാരണ ചെയ്യുന്നത് ഏത് സ്വാതന്ത്ര്യത്തിന്റെ പേരിലായാലും ധാര്‍മികതയല്ലെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.