ദുര്‍ഗന്ധം: അധ്യാപകരും വിദ്യാര്‍ഥികളും കറങ്ങി വീണു!

ബുധന്‍, 27 ഫെബ്രുവരി 2013 (16:54 IST)
PRO
PRO
കാക്കാഴം കാപ്പിത്തോട്ടില്‍ നിന്നുള്ള ദുര്‍ഗന്ധം ശ്വസിച്ച്‌ അധ്യാപികയും മുപ്പതോളം വിദ്യാര്‍ഥികളും ക്ലാസ്‌ മുറിയില്‍ തലകറങ്ങി വീണു. കാക്കാഴം എസ്‌എന്‍വിടിടിഐ സ്കൂളിലെ നാല്‌, ഏഴ്‌ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ്‌ ദുര്‍ഗന്ധം സഹിക്കവയ്യാതെ തലകറങ്ങി വീണത്‌.

ക്ലാസ്‌ ആരംഭിച്ചപ്പോള്‍ മുതല്‍ രൂക്ഷഗന്ധം അനുഭവപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന്‌ ഏതാനും വിദ്യാര്‍ഥികള്‍ക്ക്‌ തലകറക്കവും ഛര്‍ദിയും അനുഭവപ്പെടുകയുണ്ടായി. ഗന്ധം രൂക്ഷമായതോടെ ഏഴാം ക്ലാസില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന അധ്യാപിക നബീസ അടക്കം മുപ്പതോളം വിദ്യാര്‍ഥികള്‍ തലകറങ്ങി വീഴുകയായിരുന്നു.

ഒന്നു മുതല്‍ ഏഴ്‌ വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളാണ്‌ ഇവിടെ പഠിക്കുന്നത്‌. ഇതില്‍ നാല്‌, ഏഴ്‌ ക്ലാസുകള്‍ തോടിനോട്‌ ചേര്‍ന്നാണ്‌ പ്രവര്‍ത്തിക്കുന്നത്‌.

രാവിലെ തോട്ടില്‍ മലിനജലം നിറഞ്ഞ്‌ പൊങ്ങിയതിനെ തുടര്‍ന്നുണ്ടായ രൂക്ഷഗന്ധമാണ്‌ വിദ്യാര്‍ഥികള്‍ തലകറങ്ങി വീഴാന്‍ കാരണമായത്‌. സംഭവമറിഞ്ഞ്‌ പിടി എ അംഗങ്ങളും രക്ഷാകര്‍ ത്താക്കളും എത്തിയതോടെ സ്കൂളിന്‌ അവധി നല്‍കി. രണ്ടുവര്‍ഷമായി യാതൊരു ശുചീകരണങ്ങളും ഇവിടെ നടക്കാത്തതാണ്‌ മലിനജലം കെട്ടിക്കിടക്കാന്‍ കാരണമായത്‌. പിന്നീട്‌ പിടിഎ അംഗങ്ങളും അധ്യാപകരും അമ്പലപ്പുഴ വടക്ക്‌ പഞ്ചായത്തില്‍ നിവേദനം നല്‍കി.

വെബ്ദുനിയ വായിക്കുക