ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് 19 കോടി

ശനി, 18 ജൂലൈ 2009 (15:04 IST)
സംസ്ഥാനത്ത് അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 19 കോടി രുപ കൂടി അനുവദിച്ചു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് തുക അനുവദിക്കുന്നതെന്ന് റവന്യൂമന്ത്രി കെ പി രാജേന്ദ്രന്‍ അറിയിച്ചു. പ്രളയ ബാധിത മേഖലകളിലെ അര്‍ഹരായവര്‍ക്ക് സൌജന്യ റേഷന്‍ നല്‍കുമെന്നും രാജേന്ദ്രന്‍ അറിയിച്ചു.
WDWD

സംസ്ഥാനത്ത് ആകെ മഴക്കെടുതികളില്‍ പതിനഞ്ച് പേര്‍ മരിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. കുറ്റിയാടിക്കടുത്ത്‌ പശുക്കടവിലും കാവിലുംപാറയിലും കണ്ണൂ‍ര്‍ ജില്ലയിലെ കാപ്പിമല, നെല്ലിയാമ്പതിയിലെ കുണ്ടറ ചോല എന്നിവിടങ്ങളിലും ശനിയാഴ്ച പുലര്‍ച്ചെ ഉരുള്‍പൊട്ടലുണ്ടായി. കണ്ണൂരില്‍ 50 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് റെയില്‍, റോഡ് ഗതാഗതം തടസപ്പെട്ടു. അങ്കമാലിക്കും കൊരട്ടിക്കുമിടയില്‍ മാമ്പ്ര ഗെയിറ്റിനടുത്ത് റെയില്‍‌വേ ട്രാക്കിലെ മണ്ണ് ഒലിച്ചുപോയി റെയില്‍‌വേ പാളം തകര്‍ന്നതിനാല്‍ നാല്‌ ട്രയിനുകള്‍ റദ്ദാക്കി. പാളത്തിനടിയിലെ 20 മീ‍റ്ററോളം മണ്ണ് ഒലിച്ചുപോയി. എറണാകുളം - കണ്ണൂര്‍ ഇന്‍റര്‍സിറ്റി, ഗുരുവായൂര്‍ - എറണാകുളം പാസഞ്ചര്‍, എറണാകുളം - ഷൊര്‍ണൂര്‍ പാസഞ്ചര്‍ എന്നിവയാണ് റദ്ദാക്കിയത്. കണ്ണൂര്‍, രാജധാനി, മലബാര്‍ എക്സ്പ്രസുകള്‍ വൈകിയാണ് ഓടുന്നത്.