കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് അപ്പുണ്ണി ഇന്ന് ഹാജരായേക്കും. അന്വേഷണ സംഘത്തിനു മുന്നില്‍ ചോദ്യംചെയ്യലിനു വിധേയനാകാന്‍ അപ്പുണ്ണിയോട് കോടതി നിര്‍ദേശിച്ചു.
ഇയാളെ ചോദ്യം ചെയ്യേണ്ടത് കേസന്വേഷണത്തിന് അനിവാര്യമാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ഇന്നലെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയത്. കേസില്‍ അപ്പുണ്ണിക്ക് പങ്കില്ലെന്ന് ഇയാളുടെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. കുറ്റംചെയ്യാത്ത തന്നെ കേസില്‍ മാപ്പുസാക്ഷിയാക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
കുറ്റം ചെയ്തിട്ടില്ലെങ്കില്‍ അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. അപ്പുണ്ണിയെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെന്നും ചോദ്യം ചെയ്താലേ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ ഗൂഢാലോചന കണ്ടെത്താന്‍ കഴിയൂവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.